പേരൂർക്കട: എം.ജി കോളജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളജിന് മുന്നിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഇതിനിടെ സംഭവത്തിന്റെ തുടർച്ചയായി പേരൂർക്കട, വഴയിലയിൽ ബുധനാഴ്ച ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ ചിലർക്ക് പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സ തേടിയതായും പൊലീസ് പറഞ്ഞു. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വഴയില ജങ്ഷനിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഇതിനിടെ, പേരൂർക്കട ലോ അക്കാദമിയിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തെ തുടർന്ന് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
അതേസമയം, എം.ജി കോളജിലെ വിദ്യാർഥിയായ എ.ബി.വി.പി പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനുള്ളിൽ കയറി മർദിച്ച സംഭവം പൊലീസിന്റെ വീഴ്ചയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കോളജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവർത്തകൻ സന്ദീപിനെയാണ് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്.
ഇതിനിടെയാണ് സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനുള്ളിൽ കയറി മർദിക്കുകയായിരുന്നു. ഇത്രയും സുരക്ഷിതമായ സ്റ്റേഷനിൽ നിരവധി പൊലീസുകാർ ഉണ്ടായിരുന്നിട്ടും തടയാൻ ശ്രമിച്ചില്ലെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കാരായ അഭിഷേക്, ഹരി, രാഹുൽ, അഭിജിത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, ഇവർ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടുദിവസമായി പേരൂർക്കട ലോ അക്കാദമിയിലും എം.ജി കോളജിലും വിദ്യാർഥി സംഘർഷം അരങ്ങേറുകയാണ്. എന്നിട്ടും സംഘർഷം തടയാൻ പൊലീസ് നിഷ്ക്രിയമായി എന്നാണ് വഴയിലയിൽ ബുധനാഴ്ചയുണ്ടായ സംഘർഷം വിരൽചൂണ്ടുന്നത്.
ലോ അക്കാദമിയിലുണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷത്തിൽ രണ്ട് കെ.എസ്.യു പ്രവർത്തകർക്കും മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ഒരു വിദ്യാർഥി എസ്.എഫ്.ഐയിൽനിന്ന് രാജിവെച്ച് കെ.എസ്.യുവിൽ ചേർന്നതാണ് സംഘർഷത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.