പേരൂർക്കട: മരണത്തിലും വേർപെടാത്ത പൊന്നോമനകൾക്ക് നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ വിടനൽകി. ചൊവ്വാഴ്ച പേരൂർക്കട വഴയിലക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മരിച്ച പ്ലസ് വൺ വിദ്യാർഥികളും ഉറ്റ സുഹൃത്തുക്കളുമായിരുന്ന സിദ്ധാർഥ്, വിനീഷ്, ടെഫിൻ എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൂവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹങ്ങൾ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായാണ് വീടുകളിൽ എത്തിച്ചത്.
പേരൂർക്കട ഊളമ്പാറ ദയാനഗറിൽ കരൂർക്കോണം കുളവരമ്പത്ത് വീട്ടിൽ എത്തിച്ച എസ്.ബി. സിദ്ധാർഥിന്റെ (മുല്ലപ്പൻ-16) മൃതദേഹം പൊതുദർശനത്തിനു വെച്ചശേഷം ഉച്ചക്ക് രണ്ടോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഊളമ്പാറ എച്ച്.എൽ.എല്ലിന് സമീപം അഭയനഗറിൽ വീട്ടുനമ്പർ 164ൽ വിനീഷിന്റെ (16) മൃതദേഹം പൊതുദർശനത്തിനുശേഷം കാച്ചാണി കുളത്തുകാലിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ടെഫിന്റെ (16) മൃതദേഹം വഴയില പുരവൂർക്കോണം റെസിഡൻസ് അസോസിയേഷൻ വീട്ടുനമ്പർ 111ൽ എത്തിച്ച് പൊതുദർശനത്തിനുശേഷം വിലാപയാത്രയായി നെട്ടയം മലമുകൾ പെന്തക്കോസ്ത് മിഷൻ പള്ളി സെമിത്തേരിയിൽ ഖബറടക്കി.
വിദ്യാർഥികളുടെ ദാരുണാന്ത്യം സൃഷ്ടിച്ച ഞെട്ടലിൽനിന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഇനിയും മോചിതരായിട്ടില്ല. മൂവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോഴുള്ള രക്ഷാകർത്താക്കളുടെയും ബന്ധുക്കളുടെയും ഹൃദയഭേദകമായ വിലാപം ഏവരെയും കണ്ണീരണിയിച്ചു. സഹപാഠികൾ, അധ്യാപകർ, ജനപ്രതിനിധികൾ, സാമൂഹിക- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.