കൊല്ലം: കോവിഡ് നാടെങ്ങും പടരുമ്പോൾ വ്യാധിയുടെ മറവിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉൽപന്നങ്ങളും ജില്ലയിൽ വീണ്ടും സജീവമായി. സംസ്ഥാനത്ത് ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജനുവരി ഒന്നു മുതൽ നിരോധനമേർപ്പെടുത്തിയിരുന്നു. തുടക്കത്തിൽ നിരോധനം ജില്ലയിൽ കർശനമായി നടപ്പാക്കിയതിനാൽ പല വ്യാപാര സ്ഥാപനങ്ങളും തുണി സഞ്ചിയിലേക്കും മറ്റും മാറിയിരുന്നു.
മത്സ്യ വിൽപനക്കാർ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ വട്ടയിലകൾ ഉപയോഗിച്ച് മത്സ്യം പൊതിഞ്ഞ് നൽകാൻ തുടങ്ങി. നിരോധനം നടപ്പാക്കി രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും കോവിഡ് വ്യാപനം മൂലം ലോക് ഡൗൺ ഏർപ്പെടുത്തി. ഇളവുകൾ വന്ന് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ പ്ലാസ്റ്റിക് നിരോധനം ലംഘിച്ച് നിരത്തുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീണ്ടും ഉൽപന്നങ്ങൾ എത്തിത്തുടങ്ങി.
തുണിസഞ്ചികൾ തുടക്കസമയത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ ഭൂരിഭാഗം പേരും പ്ലാസ്റ്റിക് ക്യാരിബാഗാണ് ഉപയോഗിക്കുന്നത്. നേരത്തേ ക്യാരി ബാഗുകൾ കടയുടമകൾ മറച്ചുെവച്ചാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ പരസ്യമായാണ് നൽകുന്നത്. വഴിയരികിലെ പച്ചക്കറി കിറ്റുകളും നിരോധിത ക്യാരിബാഗുകളിലാണ് വിൽപനക്ക് െവച്ചിരിക്കുന്നത്.
പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കോവിഡുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധന ഇല്ലാത്തതാണ് നിരത്തൊഴിഞ്ഞ പ്ലാസ്റ്റിക്കുകൾ വീണ്ടും തലപൊക്കാൻ അവസരമൊരുക്കിയത്. തുണിസഞ്ചികൾക്ക് വില കൂടുതൽ ഉള്ളതിനാലാണ് പലരും വില കുറഞ്ഞ ക്യാരിബാഗുകൾ ഉപയോഗിക്കുന്നത്. ജില്ലയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വീണ്ടും വ്യാപകമാകുന്നതിനെതിരെ കർശന പരിശോധന തുടരണമെന്ന് കലക്ടർ ബി. അബ്ദുൽ നാസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകളിലും മറ്റും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതായാണ് വിവരം. നിരോധിത ഉൽപന്നങ്ങൾ നിർമിക്കുകയോ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്താൽ 10,000 രൂപയാണ് പിഴ. വീണ്ടും ഇതേ കുറ്റം ആവർത്തിച്ചാൽ 25,000 രൂപ വരെ ഈടാക്കും. വർധിച്ചുവരുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കോവിഡിനു ശേഷം മറ്റൊരു ദുരന്തത്തിനാകും ഇടവരുത്തുകയെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.