തീരപ്രദേശങ്ങളിൽ പൊലീസിന് ജാഗ്രത നിർദേശം

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിറ്റിയിലും തീരപ്രദേശങ്ങളിലെ സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം. സംഘർഷത്തിന് ചില ശക്തികൾ കോപ്പുകൂട്ടുന്നുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അവധിയിലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം തിരികെ ജോലിയിൽ പ്രവേശിക്കാനും ഏത് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്നും നിർദേശമുണ്ട്. രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കണം. സംശയകരമായ ആളുകളെയും വാഹനങ്ങളും പരിശോധിക്കണം. തീരപ്രദേശങ്ങളിലടക്കം 24 മണിക്കൂറും ശക്തമായ നിരീക്ഷണമുണ്ടാകണം. വിഴിഞ്ഞത്തിന് പുറമെ, മറ്റു തീരമേഖലകളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.

സമരത്തിന്‍റെ പേരിൽ മുല്ലൂർ നിവാസികളെ ആക്രമിക്കാൻ സമരസമിതിക്ക് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി എട്ടിന് കമീഷണർ ഓഫിസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രശ്നം മതസ്പർധയിലേക്ക് നീങ്ങാതിരിക്കാൻ ശക്തമായ മുൻകരുതലാണ് ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നത്.

എന്നാൽ, വിഴിഞ്ഞം സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. സമരത്തിൽനിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച സർക്കുലർ വായിക്കും.

ഇനിയുള്ള ദിവസങ്ങളിലെ സമരക്രമത്തിന്‍റെ പ്രഖ്യാപനവും ഞായറാഴ്ച ഉണ്ടാകുമെന്നാണ് വിവരം. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം പദ്ധതി കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Tags:    
News Summary - Police have been alerted in coastal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.