പോത്തൻകോട്: വെള്ളാണിക്കൽപാറ സന്ദർശിക്കാനെത്തിയ പെൺകുട്ടികളെ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളാണിക്കൽ പാറയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ വിദ്യാർഥിനികളെ മർദിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ മനീഷിന്‍റെ തെളിവെടുപ്പാണ് നടത്തിയത്.
സംഭവത്തിൽ മൂന്ന് പ്രതികളാണുണ്ടായിരുന്നത്. ശ്രീനാരായണപുരം സ്വദേശികളായ മനീഷ് (29), അഭിജിത്ത് (24), കോലിയക്കോട് സ്വദേശി ശിവജി (42) എന്നിവരാണ് പ്രതികൾ. ഇതിൽ അഭിജിത്തും ശിവജിയും അറസ്റ്റിലായി ജാമ്യത്തിലാണ്. കഴിഞ്ഞ സെപ്റ്റംബർ നാലിനായിരുന്നു സംഭവം. വൈകീട്ട് മൂന്നോടെ സുഹൃത്തുക്കളോടൊപ്പം വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളെയാണ് പ്രതികൾ തടഞ്ഞുനിർത്തി മർദിച്ചത്.
പെൺകുട്ടികളെ മർദിച്ചതിന്റെ പേരിൽ മനീഷിനെ പോത്തൻകോട് പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എന്നാൽ, സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടിയെക്കുറിച്ച് വിമർശനമുയർന്നിരുന്നു.
തുടർന്ന് റൂറൽ എസ്.പി ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായ മനീഷിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിരുന്നു. രണ്ടുദിവസം മുമ്പാണ് ജാമ്യം റദ്ദായ മനീഷനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഒരു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ മനീഷിനെ രാവിലെ 11.30 ഓടെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പിന്നീട് പ്രതിയെ തിരിച്ചറിയുന്നതിന്റെ ഭാഗമായി പെൺകുട്ടികളുടെ വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.