തിരുവനന്തപുരം: പാളയം ഗവ. സംസ്കൃത കോളജിൽ സി.പി.എം വനിതനേതാവിന്റെ മകനായ ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ചുപരിക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ ജാമ്യമില്ലാവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്. ബിന്ദുവിന്റെ മകനും സംസ്കൃത കോളജ് ഒന്നാം വർഷ വിദ്യാർഥിയും എസ്.എഫ്.ഐ അംഗവുമായ ആദർശിനെയാണ് പത്തംഗസംഘം ആക്രമിച്ചത്. മർദനത്തിൽ ആദർശിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. നിലവിലെ ചികിത്സയിൽ പൊട്ടൽ ശരിയായില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. നേമം വെള്ളായണി വണ്ടാഴവിളാകം വീട്ടിൽ നസീം(26), അതിയന്നൂർ വെൺപകൽ മരുതംകോട് ജെ.ജെ.ഭവനിൽ ജിത്തു(26), കരമന നെടുങ്കാട് കുന്നുപുറം ഭാഗത്ത് ടി.സി. 21/603(1) ചിത്തിരയിൽ സച്ചിൻ(26) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കുപുറമെ കണ്ടാലറിയാവുന്ന ഏഴുപേർെക്കതിരെ കേസെടുത്തിട്ടുണ്ട്.
കേരള യൂനിവേഴ്സിറ്റി യൂനിയൻ മുൻ ജനറൽ സെക്രട്ടറിയായിരുന്ന നസീം രണ്ടുവർഷം മുമ്പ് യൂനിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത് കേസിലെ പ്രതിയാണ്. പത്തംഗ സംഘം മർദിച്ചെന്നാണ് കേസ്. ബാക്കി ഏഴുപേരെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 24ന് വൈകീട്ട് മൂന്നിന് കോളജിലെ ഓണാഘോഷപരിപാടിക്കിടെയായിരുന്നു സംഭവം. ചാക്കിൽ കയറി ഓട്ട മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചു. മത്സരിക്കാൻ വിസമ്മതിച്ചപ്പോൾ പിടിച്ചുവലിച്ച് ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചു. കരണത്തും മുതുകിലും മർദിക്കുകയും തടിക്കഷണംകൊണ്ട് മുഖത്തും ഹെൽമറ്റ്കൊണ്ട് തലക്കും അടിച്ചു. പിന്നീട് ക്ലാസിന് പുറത്തേക്കുകൊണ്ടുവരുകയും കസേരയിൽ ഇരുത്തി മർദിക്കുകയുമായിരുന്നു.
അഞ്ച് വർഷം മുമ്പ് പഠനം കഴിഞ്ഞിറങ്ങിയവരാണ് കോളജിൽ ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം. ആദർശ് സംസ്കൃത കോളജിൽ നിന്ന് ടി.സി വാങ്ങി. ഒരേ പാർട്ടിക്കാരായിട്ടും ക്രൂരമായി മർദിച്ചെന്നും നീതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ആദർശ് പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി വി. ജോയി എം.എൽ.എക്കും കോളജിലും പരാതി നൽകി. കോളജിലെ പഠനം മതിയാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. ജനപ്രതിനിധിയായ സി.പി.എം നേതാവിന്റെ മകനാണെന്നും നാട്ടിൽ എസ്.എഫ്.ഐ പ്രവർത്തകനാണെന്നും പ്രതികൾക്ക് അറിയാം. പരാതിയിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും ആദർശ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.