അമ്പലത്തറ: കോർപറേഷനിലെ അമ്പലത്തറ വാര്‍ഡില്‍ സി.പി.ഐ-സി.പി.എം പോര് രൂക്ഷമാകുന്നു. കുടുംബശ്രീയുടെ എ.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. എ.ഡി.എസ് പിടിച്ചെടുക്കാന്‍ സി.പി.എം ബി.ജെ.പിയെ കൂട്ടുപിടിച്ചെന്ന് സി.പി.ഐ പ്രാദേശിക നേതാക്കള്‍ ആരോപിച്ചതോടെയാണ് പരസ്യപോര് തുടങ്ങിയത്.
എ.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും സി.പി.ഐയിൽനിന്നുള്ള കൗണ്‍സിലറും മുൻ കൗണ്‍സിലറും മാധ്യമങ്ങള്‍ക്ക് വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്നും സി.പി.എം അമ്പലത്തറ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിറക്കി. ഇതിന് പിന്നാലെ സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവനയും വന്നു.
ബി.ജെ.പിക്ക് വോട്ടുനല്‍കി ശീലിപ്പിക്കുന്നത് താൽക്കാലിക ലാഭത്തിന് വേണ്ടിയാണങ്കിലും വരുംനാളുകളില്‍ ഇടതുപക്ഷത്തിന് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് സി.പി.ഐ വാദം. നഗരസഭ തെരഞ്ഞെടുപ്പില്‍ അമ്പലത്തറ വാര്‍ഡിലെ സി.പി.ഐ സ്ഥാനാർഥിയെ തോല്‍പ്പിക്കാൻ സി.പി.എമ്മിലെ ചിലര്‍ ശ്രമിച്ചെന്നും സി.പി.ഐ കുറ്റപ്പെടുത്തി.
ഇരുമുന്നണികളും പ്രസ്താവനയിറങ്ങിയതോടെ അണികള്‍ നവമാധ്യമങ്ങളില്‍ വാക്ക്പോര് തുടങ്ങി. ആറുപതോളം കുടുംബശ്രീ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍നിന്ന് എ.ഡി.എസിലേക്ക് 11 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.എം-സി.പി.ഐ ജില്ല, മണ്ഡലം, എല്‍.സി തല നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാൻ തീരുമാനിച്ചിരുന്നു.
സി.പി.ഐ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതോടെയാണ് സഹകരണത്തിൽ വിള്ളല്‍ വീണത്. ഇതോടെ സി.പി.ഐ ഒറ്റക്ക് പാനല്‍ അവതരിപ്പിച്ചെങ്കിലും ഒരാളെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് പരസ്യപോര് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.