തിരുവനന്തപുരം: ബീമാപള്ളി നഴ്സറി സ്കൂൾ പരിസരത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ‘മാധ്യമം’ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ കേസെടുത്ത കമീഷൻ, മാലിന്യക്കൂമ്പാരം നാലുദിവസത്തിനകം നീക്കംചെയ്യണമെന്നും ഇതുസംബന്ധിച്ച് കോർപറേഷൻ സ്വീകരിച്ച നടപടികൾ സെക്രട്ടറിയോ അദ്ദേഹം നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനോ ഒക്ടോബർ ഒമ്പതിന് കമീഷൻ ഓഫിസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വിശദീകരണമെന്നും ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി മെച്ചപ്പെട്ട രീതിയിൽ നഴ്സറി പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം. ഇതിനായി കോർപറേഷൻ സെക്രട്ടറിക്കും സ്കൂൾ അധികൃതർക്കും മുൻകൂർ നോട്ടീസ് നൽകിയശേഷം വനിതാശിശു വികസന വകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ സ്കൂൾ സന്ദർശിക്കണം. സ്കൂളിലെ അപര്യാപ്തതകൾ മനസിലാക്കി നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച സൗകര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം. എന്തൊക്കെ സൗകര്യങ്ങളാണ് അനിവാര്യമെന്നതിനെകുറിച്ച് വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം കമീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.
സെപ്റ്റംബർ 24നാണ് ബീമാപ്പള്ളിയിലെ മത്സ്യഭവൻ കെട്ടിടത്തിൽ ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ശോച്യാവസ്ഥ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നത്. തിരുവനന്തപുരം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മൂന്നുമുതൽ ആറുവയസുവരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. ക്ലാസ് മുറിക്ക് സമീപം കോർപറേഷന്റെ മാലിന്യക്കൂമ്പാരമാണ്. കളിപ്പാട്ടമോ കളിസ്ഥലമോ ഇല്ല.
വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റിയും വിഷയത്തിൽ ഇടപെട്ടു. സ്കൂളിന്റെ ശോച്യാവസ്ഥയിലും ക്ലാസ് മുറിക്ക് സമീപത്തെ കോർപറേഷന്റെ മാലിന്യനിക്ഷേപത്തിനുമെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും വാദം കേൾക്കൽ (പ്രീ ലിറ്റിഗേഷൻ ഹിയറിങ്) തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ 11.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് കോർപറേഷൻ സെക്രട്ടറി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ, സ്കൂൾ അധ്യാപിക, പി.ടി.എ പ്രസിഡന്റ് അടക്കമുള്ളവരോട് ഹിയറിങ്ങിന് ഹാജരാകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജുമായ എസ്. ഷംനാദ് നിർദേശിച്ചത്.
തിരുവനന്തപുരം: ബീമാപള്ളി നേഴ്സറി സ്കൂളിൽ നടക്കുന്ന ബാലാവകാശ നിഷേധങ്ങൾ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ സംസ്ഥാന ബാലാവകാശ കമീഷൻ. മത്സ്യത്തൊഴിലാളിമേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ നടക്കുന്ന ബാലാവകാശ നിഷേധങ്ങൾ അക്കമിട്ട് നിരത്തി രക്ഷിതാക്കളും പരിസ്ഥിതിവാദികളും ബാലാവകാശ കമീഷന് പരാതി നൽകിയിട്ടും ഫയലിൽ സ്വീകരിച്ചതല്ലാതെ സ്കൂൾ സന്ദർശിക്കാനോ കോർപറേഷനോട് വിശദീകരണം ചോദിക്കാനോ കമീഷൻ അധികാരികൾ തയാറായിട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. ഇതോടെ ബാലാവകാശ കമീഷനെതിരെ കോടതിയെ സമീപിക്കാൻ രക്ഷിതാക്കൾ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.