തിരുവനന്തപുരം: നഗരത്തിലെ രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം ഓടയിൽ ഒഴുക്കുന്നുവെന്ന പരാതിയിൽ നടപടിയെടുത്ത് നഗരസഭ. മേയറുടെ വാട്സ് ആപ്പിൽ ലഭിച്ച പരാതിയിലാണ് പരിശോധനയും നടപടിയും.
അട്ടക്കുളങ്ങരയിലെയും ഓവർബ്രിഡ്ജിലെയും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള ശുചിമുറി മാലിന്യം കെ.ആർ.എഫ്.ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നുവെന്നായിരുന്നു പരാതി. തുടർന്ന് ആരോഗ്യവിഭാഗം നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തുകയും ഇരുസ്ഥാപനങ്ങളോടും 24 മണിക്കൂറിനകം പരിഹാരം കാണണമെന്ന് നിർദേശിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കർശന നടപടിൾ സ്വീകരിക്കാൻ പൊലീസിന് കത്ത് നൽകി.
ആമയിഴഞ്ചാൻതോട് കടന്നുപോകുന്ന ഏഴ് വാർഡുകളിലും ജനകീയ സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചു. അനധികൃത മാലിന്യ നിക്ഷേപം ഉൾപ്പെടെ കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. കൈയേറ്റം ഉൾപ്പെടെ ആമയിഴഞ്ചാൻതോടിന്റെ നിലവിലെ സ്ഥിതി നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനായി മേയറും ഇറിഗേഷൻ ഉദ്യോഗസ്ഥരും ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പരിശോധന നടത്തും.
ശുചിമുറി മാലിന്യമടക്കം പൊതുയിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉറവിടത്തില്‍ ജൈവ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി എല്ല നടപടികളും നഗരസഭ സ്വീകരിക്കുന്നതിനോടൊപ്പം അജൈവ മാലിന്യ സംസ്കരണത്തിനായി നിരവധി മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ സഹകരിക്കാതെ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലും വഴിയരികിലും വലിച്ചെറിയുന്ന പരാതി വ്യാപകമാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യം വഴിയരികിലും ആമയിഴഞ്ചാന്‍ തോട്ടിലും തള്ളാന്‍ ശ്രമിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. 45,090 രൂപയാണ് പിഴ ഈടാക്കിയത്.വാഹനങ്ങളിൽ മാലിന്യം തള്ളാൻ വന്നവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.