ആറ്റിങ്ങല്‍: എൻജിനീയർമാരുടെ ക്ഷാമം, നഗരസഭ പദ്ധതിനിർവഹണത്തെ ബാധിക്കുന്നു. നഗരസഭയില്‍ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍, അസിസ്റ്റന്റ് എൻജിനീയര്‍ എന്നിവര്‍ മേയില്‍ വിരമിച്ചു. പകരം ആളെ നിയമിക്കാന്‍ അധികൃതര്‍ ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. ഇതാണ് പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്.
എ.എക്സ്.ഇയുടെ ചുമതല വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ എ.എക്സ്.ഇക്കാണ് കൈമാറിയിരിക്കുന്നത്. എന്നാല്‍ ഈ എ.എക്സ്.ഇ ഒന്നരമാസമായിട്ടും ആറ്റിങ്ങല്‍ നഗരസഭയിലെത്തിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവൃത്തികളുടെ ചുമതലകളും എം.എല്‍.എ ഫണ്ടുപയോഗിച്ചുള്ള പ്രവൃത്തികളുടെ ചുമതലകളുമുള്ളയാള്ക്കാണ് വളരെ പ്രധാനപ്പെട്ട ഒരു നഗരസഭയുടെ ചുമതലകൂടി അധികമായി െവച്ചുകെട്ടിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ജോലിഭാരം നിമിത്തം നഗരസഭയുടെ ഫയൽ പരിശോധനക്കോ തീരുമാനങ്ങളെടുക്കാനോ ഈ എന്‍ജിനീയര്‍ക്ക് കഴിയുന്നില്ലെന്നാണ് സൂചന.
അസിസ്റ്റന്റ് എൻജിനീയറുടെ ചുമതല നഗരസഭയിലെ ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ക്കാണ് കൈമാറിയിട്ടുള്ളത്. ഇദ്ദേഹത്തിന് ഫയല്‍ പരിശോധിച്ച് തീരുമാനമെടുക്കാനാവില്ല, മേല്‍നടപടികള്‍ക്ക് സമര്‍പ്പിക്കാനേ കഴിയൂ. എ.എക്സ്.ഇയുടെ ചുമതലയുള്ളയാളാണ് തീരുമാനങ്ങളെടുക്കേണ്ടത്. അത് നടക്കുന്നുമില്ല. മാത്രമല്ല എ.ഇയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റപ്പട്ടികയില്‍ ഉള്പ്പെട്ടിട്ടുള്ളയാളാണെന്നാണ് സൂചന.
സ്ഥലംമാറ്റ ഉത്തരവിറങ്ങുന്നതോടെ ഈ ഉദ്യോഗസ്ഥന് നഗരസഭയില്‍ നിന്ന് വിടുതല്വാങ്ങിപ്പോകും. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകളും നഗരസഭയിലെ വിവിധ മരാമത്തുപണികളുമായി ബന്ധപ്പെട്ട ഫയലുകളും തീരുമാനമെടുക്കാതെ കെട്ടിക്കിടപ്പാണ്. കരാര്‍പണികള്‍ പൂര്‍ത്തിയാക്കി ബിൽ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പണം ലഭിക്കുന്നില്ല. ബില്ലുകള്‍ ട്രഷറിയിലേക്ക് അയക്കണമെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വേണം. എ.ഇയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഒപ്പ് നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കേതികതടസ്സങ്ങളും ബിൽ മാറുന്നതിന് തടസ്സമാകുന്നു.
പണം കടമെടുത്ത് കരാര്‍ജോലികള്‍ ചെയ്തവര്‍ വലിയ പ്രതിസന്ധിയിലാണ്. സമയത്ത് പണം ലഭിക്കാത്തതിനാല്‍ വന്‍തുക പലിശ നൽകേണ്ട അവസ്ഥയിലാണ് പലരും. എന്‍ജിനീയര്‍മാരുടെ അഭാവം നഗരസഭയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. പുതിയ പ്രവൃത്തികളൊന്നും തുടങ്ങാന്‍ കഴിയുന്നില്ല. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് നഗരസഭയിലേക്ക് എന്‍ജിനീയര്‍മാരെ നിയമിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.