മെഡിക്കല്‍ കോളജ്: സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒ.പി ഫാര്‍മസിയില്‍ വേണ്ടത്ര ജീവനക്കാരില്ല, മരുന്നിനായുള്ള കാത്തുനിൽപ് രണ്ട് മണിക്കൂർ വരെ. ശനിയാഴ്ച രാവിലെ മുതല്‍ ക്യൂനിന്ന രോഗികൾക്ക് മരുന്ന് ലഭിച്ചത് ഒന്നര മണിക്കൂർ മുതൽ രണ്ട് മണിയ്ക്കൂര്‍ വരെ കാത്തുനിന്ന ശേഷം. ഉച്ചക്ക് 12 മണിക്കും ക്യൂവില്‍ 150 രോഗികള്‍ വരെയുണ്ടായിരുന്നതായി ജീവനക്കാരും പറയുന്നു. മൂന്നുപേരെങ്കിലും വേണ്ടിടത്ത് ഒ.പി ഫാര്‍മസിയില്‍ ഒരു വനിതാ ജീവനക്കാരി മാത്രമാണുണ്ടായിരുന്നത്. പല ദിവസങ്ങളിലെയും അവസ്ഥ ഇതുതന്നെയാണെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു.
രാവിലെ വിവിധ വിഭാഗങ്ങളിലെ ഒ.പി ആരംഭിച്ച് കഴിഞ്ഞാല്‍ അര മണിയ്ക്കൂറിനുള്ളില്തന്നെ ഫാര്‍മസിയില്‍ നീണ്ട നിരയാണുള്ളത്. വെയിലത്തും മഴയത്തും മരുന്നു വാങ്ങാനെത്തുന്നവരുടെ കൈയില്‍ പലപ്പോഴും കുടപോലും കാണില്ല. ഇതില്‍ ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് വയോധികരും കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരുമാണ്. വരിയിൽ കയറിപ്പറ്റി മണിക്കൂറുകള്നിന്ന് ജീവനക്കാരിയുടെ കൈയില്‍ കുറിപ്പ് കൊടുക്കമ്പോൾ മരുന്നില്ലെന്ന മറുപടിയാകും പലപ്പോഴും. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പ്രവേശന കവാടത്തിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ.പി കൗണ്ടറുകള്‍ പുറമെയുള്ള പഴയ മോര്‍ച്ചറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് അടുത്തിടെ മാറ്റിയത് ഏറെ ഒച്ചപാടിന് ഇടയാക്കിയിരുന്നു. അതിന് സമീപത്തായിട്ടാണ് ഇപ്പോള്‍ ഒ.പി ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. ഇവിടെ മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഫാര്‍മസിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് പൊതുജനങ്ങളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.