തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അതിനുള്ള തെളിവാണെന്നും മന്ത്രി പി. രാജീവ്. ഈ പ്രശ്നത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെയാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
എത്രമാത്രം വലിയ പ്രതിസന്ധി കോൺഗ്രസ് അഭിമുഖീകരിക്കുന്നെന്നതിന്റെ തെളിവാണ് പ്രതികരണം. ഏക സിവിൽ കോഡ് സംബന്ധിച്ച് വ്യക്തമായ നിലപാട് ഇടതുപക്ഷത്തിനുണ്ട്. കോഡ് അടിയന്തരമോ അനിവാര്യമോ അല്ല എന്ന് കഴിഞ്ഞ ലോ കമീഷൻ നിലപാട് സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഓരോ വിഭാഗങ്ങൾക്കിടയിലുമുള്ള തുല്യത ഉൾപ്പെടെ പ്രശ്നങ്ങൾ അതത് വിഭാഗങ്ങൾക്കിടയിൽ തന്നെയാണ് പരിഹാരം കാണേണ്ടത്. ഏകപക്ഷീയമായി അടിച്ചേൽപിക്കൽ പാടില്ലെന്നതാണ് ഇടതുനിലപാടെന്നും രാജീവ് പറഞ്ഞു. പൗരത്വ പ്രക്ഷോഭങ്ങളിൽ കേസെടുത്ത പാർട്ടിയുടെ കൂടെ എന്ത് വിശ്വാസത്തിലാണ് ഏക സിവിൽ കോഡിന്റെ കാര്യത്തിൽ ചേരുക എന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ജമാഅത്തെ ഇസ്ലാമിയുടെ വാദം ആവർത്തിക്കുന്നതാണ്.
ഈ അഭിപ്രായം ആദ്യം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് പ്രത്യക്ഷപ്പെട്ടത്. കേസുകൾ പിൻവലിക്കുന്നതിന് നടപടിക്രമമുണ്ട്. ശബരിമല വിഷയത്തിലും കേസുകളെടുത്തിട്ടുണ്ട്.
ആ കേസുകൾ വരുമ്പോഴല്ലേ പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. ഏക സിവിൽ കോഡ് വിഷയത്തിൽ വ്യക്തതയുള്ളവരെ യോജിപ്പിക്കുന്ന നിലപാടായിരിക്കും സി.പി.എം സ്വീകരിക്കുക. ഷാബാനു ബീഗം കേസുമായി ബന്ധപ്പെട്ട ശരീഅത്ത് വിവാദത്തിൽ സി.പി.എം മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.