ആറ്റിങ്ങൽ: വാമനപുരം ആറിന്റെ കരയിടിയുന്നത് ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പണ്ടകശാല വാർഡിനുസമീപമാണ് വാമനപുരം നദിയുടെ കര അനിയന്ത്രിതമായി ഇടിഞ്ഞ് റോഡും കരയും നഷ്ടമാകുന്നത്. താലൂക്കിലെ പ്രധാന നദിയണ് വാമനപുരം ആറ്. താലൂക്കിന്റെ പ്രധാന ജലസ്രോതസ്സും ഇതാണ്.
മുദാക്കൽ, ആറ്റിങ്ങൽ, കിഴുവിലം, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, വക്കം ഗ്രാമപഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ആശ്രയകേന്ദ്രവും വാമനപുരം ആറാണ്. അതുകൊണ്ടുതന്നെ ആറിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ആറ്റിങ്ങൽ, അഞ്ചുതെങ്ങ് കുടിവെള്ളപദ്ധതിയുടെ മുഖ്യസ്രോതസുകൂടിയാണിത്. മഴക്കാലമാകുമ്പോൾ വാമനപുരം ആറ് കരകവിഞ്ഞ് താഴ്ന്നപ്രദേശങ്ങളിലാകെ വെള്ളംകയറും. വർഷങ്ങളായി നടക്കുന്ന ഈ പ്രതിഭാസം കാരണം പല ഭാഗത്തും വലിയതോതിൽ കരയിടിഞ്ഞ് ആറിന് വീതികൂടി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പണ്ടകശാല വാർഡിന്റെ അതിർത്തിപ്രദേശമായ അഞ്ചൽക്കടവ് മുതൽ കൂട്ടുംവാതുക്കൽ ഭാഗം വരെയുള്ള കരയിടിയുന്നത് പ്രദേശവാസികളെയിപ്പോൾ കൂടുതൽ ഭയപ്പാടിലാക്കുകയാണ്. ഇവിടെ കരയും സമീപത്തുകൂടിയുള്ള റോഡും തമ്മിലുള്ള അകലം കുറഞ്ഞുവരുകയാണ്. ഇതുമൂലം വാഹനാപകടങ്ങൾക്ക് സാധ്യതയേറി. മുതലപ്പൊഴി ഹാർബറിലേക്ക് മത്സ്യത്തൊഴിലാളികൾ ഈ റോഡിലൂടെയാണ് രാത്രികാലങ്ങളിലുൾപ്പെടെ കടന്നുപോകുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രണ്ടുവർഷം മുമ്പാണ് പ്രദേശത്തിനു തൊട്ടടുത്ത കരിന്ത്വാക്കടവ് റോഡിൽ സംരക്ഷണഭിത്തിയില്ലാത്ത കാരണത്താൽ കാർ ആറ്റിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചത്. കരിന്ത്വാക്കടവ് അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകടമേഖലകളിൽ കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് പരക്കെ ആവശ്യമുയർന്നിരുന്നു. വാർഡംഗമായ വി. ബേബി ഇതുസംബന്ധിച്ച് ജലവിഭവവകുപ്പ് മന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ വകുപ്പ് നാൽപ്പതുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനിയർക്ക് സമർപ്പിച്ചു. എന്നാൽ, നാളിതുവരെയായിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല.
നൂറുകണക്കിന് കുടുംബങ്ങളാണ് പണ്ടകശാല പുളിമൂട്ടിൽക്കടവ് ഭാഗങ്ങളിൽ താമസിക്കുന്നത്. മഴക്കാലമായാൽ കുട്ടികളെ ഭയത്തോടെ മാത്രമേ പുറത്തിറക്കാൻ കഴിയുകയുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുതലപ്പൊഴി ഹാർബറിലെ മത്സ്യബന്ധന ബോട്ടുകൾ പലതുമിപ്പോൾ പുളിമൂട്ടിൽക്കടവ് മുതലുള്ള പ്രദേശത്ത് കായലിലാണ് നങ്കൂരമിടുന്നത്. വലിയ ബോട്ടുകൾ നദിയിലൂടെ പോകുമ്പോഴുണ്ടാകുന്ന തിരയിളക്കവും കരയിടിച്ചിലിന് ആക്കംകൂട്ടുന്നതായി പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.