വർക്കല: വർക്കല റെയിൽവേ സ്റ്റേഷന് കേന്ദ്ര സർക്കാർ അനുവദിച്ച 170 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ട്രെയിൻ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും നേരിട്ട് സ്വീകരിച്ച് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച റെയിൽ ജനസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
റെയിൽ ജനസഭയുടെ ഭാഗമായി കാപ്പിൽ, ഇടവ, വർക്കല റെയിൽവേ സ്റ്റേഷനുകളിൽ കേന്ദ്രമന്ത്രി സന്ദർശനം നടത്തി. ഇവിടങ്ങളിൽവെച്ച് പൊതുജനത്തിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച പരാതികളും നിർദേശങ്ങളും പരിശോധിച്ച ശേഷം റെയിൽവേ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി നടപടികൾ കൈക്കൊള്ളും. അടിയന്തര പ്രാധാന്യം ആവശ്യമുള്ള വിഷയങ്ങളിൽ ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ രണ്ടാമത്തെ പ്ലാറ്റ് ഫോമിനോട് ചേർന്ന് ടിക്കറ്റ് കൗണ്ടർ ഉൾപ്പെടുന്ന എൻട്രൻസ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നേതാജി റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. സുലോചനൻ നിവേദനം നൽകി.
വന്ദേ ഭാരത് ട്രെയിനിന് വർക്കല സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് വോയ്സ് ഓഫ് വർക്കല ചെയർമാൻ അഡ്വ.എസ്. കൃഷ്ണകുമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തൽ ചെയ്ത ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും അണ്ടർപാത്ത്, ഓവർ ബ്രിഡ്ജ് എന്നിവ നിർമിക്കണമെന്നും ആവശ്യപ്പെട്ട് കാപ്പിൽ വാട്സ്ആപ് കൂട്ടായ്മ പ്രസിഡന്റ് ടി.വി. സാബുവും കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.