തീ പിടിത്തത്തിൽ കത്തി നശിച്ച സ്കൂട്ടറുകൾ നോക്കിക്കാണുന്ന വീട്ടമ്മ

വർക്കല തീപിടിത്തത്തിന് സമാനമായ രീതിയിൽ തിരുവല്ലത്തും തീപിടിത്തം

തിരുവല്ലം: വർക്കല തീപിടിത്തത്തിന് സമാനമായ രീതിയിൽ തിരുവല്ലത്തും തീപിടിത്തം. തിരുവല്ലം മേനിലം പാലറക്കുന്ന് സ്വദേശി ഭാസിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന് മുന്നിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വീടിനുള്ളിലേക്കും തീ പടർന്നെങ്കിലും ആളപായമില്ല. തിങ്കളാഴ്ച പുലർച്ച 12 ഓടെയാണ് തീ പടർന്നത്. മൂന്ന് മുറികളിലായി വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും തീ മുറികളിലേക്ക് പടരുന്നതിനു മുമ്പുതന്നെ വീട്ടുകാർ പുറത്തേക്കിറങ്ങി ഓടി. വൈദ്യുതി ഉപകരണങ്ങൾ കാർ ഷെഡിൽ ഇല്ലാത്തതിനാൽ ഇവിടെയുണ്ടായിരുന്ന രണ്ടു ബൈക്കുകളിൽനിന്നാണ് തീ വീട്ടിലേക്ക് പടർന്നതെന്നാണ് നിഗമനം. സിറ്റൗട്ടിലേക്ക് തീ പടർന്ന് ഇവിടെയുണ്ടായിരുന്ന കസേരകൾ കത്തി നശിച്ചു.

സിറ്റൗട്ടിൽനിന്ന് എയർഹോൾ വഴി തീയും കറുത്ത പുകയും സമീപത്തെ കിടപ്പുമുറികളിലേക്ക് പടർന്നതോടെ ശ്വാസതടസ്സം നേരിട്ട ഭാസിയുടെ മകൾ ഭാവനയാണ് വീട്ടുകാരെ വിളിച്ചുണർത്തുന്നത്. അപ്പോഴേക്കും മുറിക്കുള്ളിൽ പുക നിറഞ്ഞിരുന്നു.

പുറത്തേക്കിറങ്ങി ഓടിയ വീട്ടുകാർതന്നെയാണ് തീകെടുത്തി പൊലീസിനെ വിവരമറിയിച്ചത്. കാർ ഷെഡിൽ മൂന്ന് ഇരുചക്ര വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഭാവനയുടെയും സമീപത്ത് വാടകക്ക് താമസിക്കുന്ന അനില എന്ന യുവതിയുടെയും സ്കൂട്ടറുകൾ മാത്രമാണ് കത്തിനശിച്ചത്.

പ്രദേശത്ത് കുറെ നാളുകളായി ലഹരി മാഫിയയുടെ വിളയാട്ടം നടക്കുന്നുണ്ടെന്നും റോഡ് വശത്തുള്ള വീടായതിനാൽ പൊലീസ് തങ്ങളോട് വന്നു വിവരം തിരക്കാറുണ്ടെന്നും വീട്ടുകാർ പറയുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ വാഹനത്തിന് തീ വെച്ചതാണോ എന്ന സംശയം ഉയർന്നിരിക്കുകയാണ്. സംഭവസമയം വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പിറകിലെ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്. ഈ വീടിന്‍റെ ഗേറ്റ് സംഭവസമയം തുറന്നനിലയിൽ ആയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇവിടെ വാടകക്ക് കഴിയുന്ന യുവതിയുടെ സ്കൂട്ടർ ഉൾപ്പെടെയാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്.

Tags:    
News Summary - A fire similar to the one in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.