വർക്കല: തിരക്കേറിയ കാപ്പിൽ തീരദേശ റോഡിലെ എസ്.എൻ.ഡി.പി ജങ്ഷനിലെ കൊടുംവളവ് അപകടമേഖലയാകുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാരമാർഗങ്ങളെക്കുറിച്ച് ആലോചിക്കാനോ നടപടി കൈക്കൊള്ളാനോ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്. ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ പതിവാണ്. മൂന്ന് ഇടറോഡുകൾ വന്നുചേരുന്ന എസ്.എൻ.ഡി.പി ജങ്ഷനിൽ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനോ, വളവ് നിവർത്തി റീ അലൈൻമെന്റ് നടത്താനോ പി.ഡബ്ല്യു.ഡി അധികൃതർ തയാറാകുന്നില്ല. ഈ വളവിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ടും മാസങ്ങളേറെയായി. രാത്രിയിലാണ് അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നത്. വളവായതിനാൽ വെളിച്ചത്തിന്റെ അഭാവംമൂലം എതിരെവരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപെടാറില്ലെന്നതാണ് അപകടത്തിന് പ്രധാന കാരണം. ഇരുചക്ര വാഹനങ്ങളിൽ അമിതവേഗത്തിൽ സഞ്ചരിക്കുന്ന യുവാക്കൾ വളവിലും വേഗം കുറക്കാതെ പോകുന്നതും അപകടത്തിന് കാരണമാകുന്നു.
അവധി ദിവസങ്ങളിൽ വിനോദസഞ്ചാര മേഖലയായ കാപ്പിലിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇതര സംസ്ഥാന വാഹനങ്ങളാണ് ഇവയിലേറെയും. കൂടാതെ, നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾ കൂടിയാവുമ്പോൾ റോഡ് തിരക്കിലമരും.ഇവിടെ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച അപകട മുന്നറിയിപ്പ് ബോർഡ് തകർന്ന നിലയിലാണ്. ഇടയ്ക്കുണ്ടായ വാഹനാപകടത്തിൽ ഇവിടെ സ്ഥാപിച്ചിരുന്ന അപകട മുന്നറിയിപ്പ് ബോർഡ് പൂർണമായും തകർന്നിരുന്നു. ഇതും പുനഃസ്ഥാപിച്ചിട്ടില്ല. സമീപത്തെ സ്വകാര്യവ്യക്തിയുടെ മതിലിൽ ചെറുതും വലുതുമായ വാഹനങ്ങൾ നിരവധി തവണയാണ് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്. അപകടങ്ങൾ സ്ഥിരമായിട്ടും ഹംപ് സ്ഥാപിക്കുന്നതുൾപ്പെടെ സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
തീരദേശപാതയിൽനിന്ന് മൂലക്കടയിലേക്കുളള റോഡും കാപ്പിൽ റെയിൽവെസ്റ്റേഷൻ പ്ലാറ്റ്ഫാമിലേക്കുള്ള ഇടറോഡും കാപ്പിൽ ദേവീക്ഷേത്രത്തിലേക്കുള്ള പൊതുവഴിയും എസ്.എൻ.ഡി.പി ജങ്ഷനിലാണ് സന്ധിക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് കത്താതായതിനെ തുടർന്ന് പ്രദേശത്തെ കലാസാംസ്കാരിക സംഘടന പണം മുടക്കി ലൈറ്റുകൾ നന്നാക്കിയ സാഹചര്യവുമുണ്ട്.
കാപ്പിൽ ടെമ്പിൾ ഫുട്ബാൾ അസോസിയേഷൻ മുൻകൈയെടുത്താണ് ജങ്ഷനിൽ കുറച്ചുഭാഗത്തെങ്കിലും വെളിച്ചമെത്തിക്കുന്നത്. പ്രദേശത്തെ വെളിച്ചക്കുറവ് പരിഹരിക്കാൻ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കണമെന്നും കൂടുതൽ ലൈറ്റുകളും സൂചന ബോർഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.