സി.പി.എം അക്രമം: സി.പി.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

വർക്കല: സി.പി.ഐ പ്രവർത്തകർക്കെതിരെ നിരന്തരമായി നടന്നുവരുന്ന അതിക്രമങ്ങളിൽ നടപടിയെടുക്കാത്ത പൊലീസ് നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് അയിരൂർ പൊലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ പ്രവർത്തകർ മാർച്ച് നടത്തി. സി.പി.ഐ നേതാക്കളായ വി. മണിലാൽ, വി. രഞ്ജിത്ത്, എഫ്. നഹാസ്, ടി. ജയൻ, എസ്. ബാബു, ഷിജി ഷാജഹാൻ, ഷിജു അരവിന്ദ്, സി.വിനോദ്, പി. ഉണ്ണികൃഷ്ണൻ, കെ. സുജാതൻ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ കുറേനാളുകളായി സി.പി.ഐക്കെതിരെ സി.പി.എം പിന്തുണയോടുകൂടി സാമൂഹികവിരുദ്ധർ അക്രമ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു. ഒന്നിലധികം പോക്സോ കേസുകളിൽ പ്രതികളായവർ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിന് പിന്നിലുള്ളത്. സി.പി.ഐയുടെ കൊടിമരങ്ങൾ നശിപ്പിക്കുന്നതും വർക്കലയുടെ വിവിധ മേഖലകളിൽ പതിവാണ്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ് നേതാക്കളെയും ആക്രമിച്ചിരുന്നു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വർക്കല മണ്ഡലം സെക്രട്ടറി അനന്തു സതീഷിനെ പൊലീസ് നോക്കിനിൽക്കെയാണ് ആക്രമണത്തിനിരയായതെന്നും അവർ കുറ്റപ്പെടുത്തി.

പരാതി നൽകിയിട്ടും പൊലീസ് നടപടി കൈക്കൊണ്ടില്ല. അന്നുതന്നെ ഇടവ ജംഗ്ഷനിൽ നിന്നിരുന്ന സി.പി.ഐയുടെ കൊടി കത്തിച്ച് അതിന്റെ ചിത്രം പകർത്തി വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. പാതിരാത്രി ഓടയം മിസ്കീൻ തെരുവിൽ എച്ച്.എസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന സി.പി.ഐയുടെ കൊടിമരം സി.പി.എമ്മുകാർ നശിപ്പിച്ചു. ഇതിനെതിരെയും ആയിരൂർ പോലീസിൽ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഓടയം ബ്രാഞ്ച് സെക്രട്ടറി ഷബീറിനെ മർദിച്ചു. ആക്രമണങ്ങളിലെല്ലാം പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. കൊടിമരം നശിപ്പിച്ചത് പ്രദേശത്തെ സംഘർഷ മേഖലയാക്കാനുള്ള ഗൂഢാലോചനയാണെന്നും തീരദേശമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചു. സി.പി.ഐയുടെ സംയമനം ദൗർബല്യമായി കരുതരുതെന്നും മണ്ഡലം സെക്രട്ടറി വി. മണിലാൽ പറഞ്ഞു.

Tags:    
News Summary - CPM violence: CPI activists march on police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.