വർക്കല: തുടർനടപടിയുണ്ടായില്ല, വർക്കല നഗരസഭയുടെ ഏറ്റവും പ്രധാനപ്പെട്ട പുന്നമൂട് മാർക്കറ്റ് നവീകരണം അനന്തമായി നീളുന്നു. പുന്നമൂട്ടിലെ വെജിറ്റബിൾ ആൻഡ് ഫിഷ് മാർക്കറ്റാണ് കാലപ്പഴക്കത്താൽ ജീർണാവസ്ഥയിൽ തകർച്ചാഭീഷണി നേരിടുന്നത്.
നവീകരണത്തിന് പദ്ധതി തയാറാക്കി കൊട്ടിഘോഷിച്ച് അഞ്ചുവർഷം മുമ്പ് പ്രഖ്യാപനം നടത്തിയതല്ലാതെ പ്രവൃത്തി നടന്നില്ല. നഗരസഭ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഭാഗത്ത് സ്ഥിതിചെയ്യുന്ന പബ്ലിക് മാർക്കറ്റിൽ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ് കച്ചവടക്കാരും നാട്ടുകാരും.
നഗരസഭ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും നാട്ടുകാരാണ് മാർക്കറ്റിന്റെ ഗുണഭോക്താക്കൾ. ദിനേന ഏറ്റവും കൂടുതൽ ആളുകളെത്തുന്ന മാർക്കറ്റിന്റെ നിലവിലെ അവസ്ഥ ശോചനീയമാണ്.
വർക്കല പഞ്ചായത്ത് കാലംമുതൽക്കേയുണ്ടായിരുന്നതും സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയതുമായ തുറന്ന ചന്തയാണ് കൂടുതൽ സ്ഥലം ഏറ്റെടുത്ത് വികസിപ്പിച്ചത്. രണ്ടായിരത്തിലാണ് ഷോപ്പിങ് കോംപ്ലക്സോടുകൂടി പുതിയ മാർക്കറ്റ് നിർമിച്ചത്. അന്ന് നിർമിച്ച അനുബന്ധ കെട്ടിടങ്ങൾ കാലപ്പഴക്കത്തിൽ നശിച്ചു. മാർക്കറ്റിലും പരിസരത്തും മലിനജലം ഒഴുകിപ്പോകാൻ പോലും സംവിധാനമില്ല. മാലിന്യ പ്രശ്നം മാർക്കറ്റിൽനിന്ന് റോഡിലേക്കും സമീപത്തെ ഓടകളിലേക്കും വ്യാപിച്ചു. ഇത് പരിസരവാസികൾക്കും ദുരിതം സൃഷ്ടിച്ചു.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് കോടികളുടെ പുതിയ മാർക്കറ്റ് പദ്ധതി പ്രഖ്യാപിച്ചത്.
മാർക്കറ്റിന്റെ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റി പകരം മികച്ച ശുചിത്വ നിലവാരത്തോടെ പുതിയ കെട്ടിടവും മത്സ്യ മാർക്കറ്റുമാണ് വിഭാവനം ചെയ്തത്. മത്സ്യ വിൽപനക്കാർക്ക് അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ച ഹൈടെക് മാർക്കറ്റായിരുന്നു പ്രഖ്യാപിച്ചത്.
നൂറിലധികം മത്സ്യ വിൽപനക്കാരാണ് പുന്നമൂട് മാർക്കറ്റിലൂടെ ജീവിതവഴി കണ്ടെത്തുന്നത്. രാവിലെ മുതൽ ഉച്ചവരെ പ്രവർത്തിക്കുന്ന ചന്തയിൽ ദിനംപ്രതി ആയിരത്തോളം ആളുകളും എത്തിച്ചേരുന്നുണ്ട്. ഇവരെല്ലാം തീർത്തും വൃത്തിഹീനമായ ചുറ്റുപാടിൽ ഇരുന്നാണ് കച്ചവടം നടത്തേണ്ടതും സാധനങ്ങൾ വാങ്ങി മടങ്ങേണ്ടതും.
കച്ചവടക്കാർക്ക് മാർക്കറ്റ് ഉപയോഗിക്കുന്നതിന് നിശ്ചിത പ്രവേശന ഫീസും പിരിച്ചെടുക്കുന്നുണ്ട്. ഫീസ് നൽകിയിട്ടും അടിസ്ഥാനസൗകര്യം പോലും ഇവിടെയില്ല.
രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഫൈബർ മേൽക്കൂര ഏതു നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മത്സ്യം നിരത്തിവെച്ച് വിൽപന നടത്താനായി നിർമിച്ച കോൺക്രീറ്റ് സ്ലാബുകളും കാലപ്പഴക്കത്താൽ തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. സമീപകാലത്ത് ഒരെണ്ണം ഇടിഞ്ഞുവീണെങ്കിലും ആർക്കും പരിക്കേറ്റില്ല.
സ്ഥലപരിമിതി കാരണം പച്ചക്കറി വിൽപനക്കാർ മാർക്കറ്റിന് പുറത്തായാണ് നിരയായി ഇരിക്കുന്നത്. ഇവരും നിശ്ചിത തുക പ്രവേശന ഫീസ് നൽകുന്നുണ്ട്. പ്രതിവർഷം മാർക്കറ്റിൽനിന്ന് മാത്രം 20 ലക്ഷവും മാർക്കറ്റ് കോംപ്ലക്സിലെ കടമുറികളുടെ വാടക ഇനത്തിൽ ഏകദേശം 30 ലക്ഷത്തോളം രൂപയുമാണ് നഗരസഭക്ക് വരുമാനമായി ലഭിക്കുന്നത്. എന്നിട്ടും നവീകണത്തിന് മാത്രം നടപടിയില്ല.
മാർക്കറ്റിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം ഇടയ്ക്കു നടത്തുന്ന പരിശോധനയിൽ പഴകിയയും മാരകമായ രാസവസ്തുക്കൾ കലർത്തിയതുമായ മത്സ്യം പിടികൂടുന്നത് പതിവാണ്. ഇത്തരക്കാർക്ക് പിഴയിട്ടാലും അടുത്ത ദിവസവും മായം കലർത്തിയ മീൻ തന്നെയാണിവർ വിൽപനക്ക് എത്തിക്കുന്നത്. ഇതിനെതിരെയും നടപടി സ്വീകരിക്കാൻ അധികൃതർക്കാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.