വർക്കല: 18വർഷം മുമ്പ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികൾക്ക് തടവ് ശിക്ഷ. വർക്കല നെടുങ്ങണ്ട സ്വദേശി ഷാജഹാൻ (45), നൗഷാദ് (46), ജ്യോതി (50), കീഴാറ്റിങ്ങൽ സ്വദേശി റഹീം (51) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് വിവിധ വകുപ്പുകൾ പ്രകാരം വർക്കല അതിവേഗ കോടതി ജഡ്ജി എസ്.ആർ. സിനി തടവും പിഴയും വിധിച്ചത്. പ്രതികൾക്ക് 40 വർഷവും ആറ് മാസവും തടവും 2.35 ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചത്. അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയെ (36) 18 വർഷം മുമ്പാണ് പ്രതികൾ സംഘം ചേർന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തത്. കേസിലെ മൂന്നാം പ്രതി ഉണ്ണി നേരത്തെ മരിച്ചു.
അഞ്ചാം പ്രതി നെടുങ്ങണ്ട കുന്നിൽ വീട്ടിൽ ഷിജുവിനെ (42) തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ അതിജീവിതക്ക് നൽകാനും കൂടാതെ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2006 സെപ്റ്റംബർ 29ന് രാത്രി 9.15ഓടെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയി കടപ്പുറത്തു എത്തിച്ച് വാൾ കാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗതിന് ഇരയാക്കിയെന്നായിരുന്നു കേസ്.
17 സാക്ഷികൾ, 26 രേഖകൾ, 15 തോണ്ടി മുതലുകൾ എന്നിവ ഉൾപ്പെടെ 2010 ലാണ് പൊലീസ് കോടതിയിൽ ചാർജ് ഷീറ്റ് നൽകിയത്. അഞ്ചുതെങ്ങ് എസ്.ഐ എൻ. ജിജി, കടയ്ക്കാവൂർ സി.ഐമാരായ കെ. ജയകുമാർ, പി. വേലായുധൻ നായർ, ബി.കെ. പ്രശാന്തൻ, ആർ. അശോക് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. സംഭവശേഷം ഭയപ്പാടിലായ യുവതി വീടും സ്ഥലവും വിറ്റ് താമസം മാറിയിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസക്യൂട്ടർ പി. ഹേമചന്ദ്രൻ നായർ, ശാലിനി, എസ്. ഷിബു, ഇക്ബാൽ എന്നിവരും പ്രോസക്യൂഷൻ ലൈസൺ ഓഫിസർ ജി.വി. പ്രിയയും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.