വർക്കല: പേമാരിയിലും കാറ്റിലും വർക്കല തീരമേഖലയിൽ കനത്ത നാശനഷ്ടം. ഇരുന്നൂറോളം ഇടങ്ങളിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. വർക്കല, ഇടവ മേഖലകളിലായി 48 ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. താലൂക്കിൽ മൂന്ന് വീടുകൾ പൂർണമായും 72 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് കിണറുകൾ ഇടിഞ്ഞുതാണു. നഗരത്തിൽ റെയിൽവേ സ്റ്റേഷൻ, നഗരസഭാപരിസരം, പൊലീസ് സ്റ്റേഷന് മുന്നിലും പിന്നിലുമൊക്കെ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ഇലക്ട്രിക് ലൈനുകൾ തകർന്നു. അതേസമയം നഗരത്തിലെ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവരുന്നു.
വർക്കലയിൽ ഇരുപത്തിയഞ്ചോളം ഇലക്ട്രിക് പോസ്റ്റുകളിൽ മരങ്ങൾ വീണ് ഒടിഞ്ഞു. എട്ടിടങ്ങളിൽ 11കെ.വി ടവർ സ്ട്രെച്ചറുകൾ പൂർണമായും ഒടിഞ്ഞുതകർന്നു. ഇടവയിൽ മാത്രം 35 ഇടങ്ങളിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങളുണ്ടായി. 18 ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിത്തകർന്നു. എട്ടിടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി താറുമാറായി.
ഇടവ മേക്കുളത്ത് ഹരിദാസിെൻറ വീടിെൻറ ഭിത്തികൾ വിണ്ടുകീറി. വീടിെൻറ മേൽക്കൂര കാറ്റിൽ തകർന്നു. കാർഷികമേഖലയിലും കനത്ത നാശമാണ് കാറ്റും മഴയും വിതച്ചത്. ഓരോ വില്ലേജിലെയും കൃഷിനാശത്തിെൻറ കണക്കുകൾ അധികൃതർ ശേഖരിച്ചു വരുന്നതേയുള്ളൂ.ശനിയാഴ്ച വർക്കല താലൂക്കിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിയുക്ത എം.എൽ.എമാരായ അഡ്വ.വി.ജോയി, ഒ.എസ്. അംബിക എന്നിവരും സംബന്ധിച്ചു. ഇൻഡിഡൻറ് കമാൻഡറും ഡെപ്യൂട്ടി കലക്ടറുമായ അഹമ്മദ് കബീർ, തഹസിൽദാർ പി.ഷിബു, ഭൂരേഖാ തഹസിൽദാർ എസ്.ഷാജി, വിവിധ വില്ലേജ് ഓഫിസർമാർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.റോഡുകളിലും വീടുകൾക്ക് മുകളിലും വീണ മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർവഹിക്കണമെന്ന് യോഗത്തിൽ തീരുമാനമായി.
റോഡുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് എൻജിനീയർക്ക് യോഗം നിർദേശം നൽകി. താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ മാർഗങ്ങൾ അടിയന്തരമായി നിർവഹിക്കും. ഇതിനായി റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, പൊതുമരാമത്ത്, ഇറിഗേഷൻ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നീ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.വർക്കല മേഖലയിലെ കടൽക്ഷോഭം തുടരുന്നു. മൽസ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നില്ല. തീരത്തേക്ക് പാഞ്ഞുകയറുന്ന തിരമാലയിലകപ്പെട്ട് കരയിലിരിക്കുന്ന വള്ളങ്ങൾക്കും കൂടങ്ങളിലെ വലകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും കാവലിരിക്കുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.