വർക്കല: സംസ്ഥാനത്തുടനീളം മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലാൽ എന്ന ആറ്റിങ്ങൽ വേളാർകുടി ശാസ്താംവിള വീട്ടിൽ സതീഷ് കുമാർ (42) പിടിയിൽ. കഴിഞ്ഞ 19ന് ഉച്ചയോടെ പാലച്ചിറയിലെ സ്വകാര്യ കല്യാണ ഓഡിറ്റോറിയത്തിലെ പാർക്കിങ് ഏരിയയിൽ നടന്ന മോഷണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയാണ് കവർച്ചക്കിരയായത്. ഇവർ തന്റെ സ്കൂട്ടി ഓഡിറ്റോറിയത്തിലെ പാർക്കിങ് ഏരിയയിൽ വെച്ചശേഷമാണ് ഹാളിലേക്ക് പോയത്. ഇതിനിടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷം മോഷ്ടിക്കപ്പെട്ടു.
തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഏഴ് ബൈക്കുകൾ കുത്തിത്തുറന്നു മോഷണം നടന്നതായി കണ്ടെത്തി. മോഷ്ടാവ് വന്ന വാഹനത്തിന്റെ നമ്പർ വ്യക്തമാകാത്തതിനാൽ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിലെ 200ഓളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
മോഷണം നടത്തിയശേഷം ഇയാൾ മലപ്പുറത്തേക്ക് കടന്നു. പൊലീസ് മലപ്പുറത്തേക്ക് തിരിച്ചെങ്കിലും പ്രതി കോട്ടയത്തേക്ക് കടന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കോട്ടയത്തെ ലോഡ്ജിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇരുപതോളം താക്കോലുകൾ ഇയാളിൽനിന്ന് കണ്ടെടുത്തു. അമ്പലപ്പുഴ, ആലുവ, എറണാകുളം സെൻട്രൽ, തൃപ്പൂണിത്തു പൊലീസ് സ്റ്റേഷനുകളിലായി പതിനേഴോളം മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കല ഡിവൈ.എസ്.പി സി.ജെ. മാർട്ടിന്റെ നിർദേശാനുസരണം വർക്കല എസ്.എച്ച്.ഒ എസ്. സനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്. അഭിഷേക്, ഗ്രേഡ് എസ്.ഐമാരായ സലിം, ഫ്രാങ്ക്ളിൻ, എസ്.സി.പി.ഒമാരായ ബ്രിജിലാൽ, കെ. സുധീർ, സി.പി.ഒ മാരായ പ്രശാന്തകുമാരൻ, നിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.