വർക്കല: ജില്ലയിലെ ആദ്യ ഏരിയ സമ്മേളനത്തിൽ അടിപൊട്ടിയത് സി.പി.എമ്മിനെ കനത്ത നാണക്കേടിലാക്കി. ഇതുവരെയുള്ള ജീവിതം മുഴുവനും പാർട്ടിക്കു വേണ്ടി നീക്കിെവച്ച് പ്രവർത്തിച്ച ജില്ലയിലെ തന്നെ പ്രമുഖ നേതാവായ അഡ്വ. എഫ്. നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. എന്നു മാത്രമല്ല, പഴയ വി.എസ് ഗ്രൂപ്പിലെ വർക്കലയിലെ പ്രമുഖനായ നേതാവിനെ വെട്ടിയരിഞ്ഞെന്നത് അനുയായികൾക്ക് സഹിക്കാനാകുമായിരുന്നില്ല. ജില്ല സമ്മേളന പ്രതിനിധി പട്ടികയിലും ഏരിയ കമ്മിറ്റി പട്ടികയിലും ഉൾപ്പെടാഞ്ഞതോടെ അഡ്വ. നഹാസും കൂട്ടരും മത്സരിക്കുന്നെന്ന് പ്രഖ്യാപിച്ചെങ്കിലും നേതൃത്വം പാനൽ അംഗീകരിച്ചായി പ്രഖ്യാപിച്ചത് എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.
മന്തി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഏകപക്ഷീയമായി ഏരിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചതായി പ്രഖ്യാപനമുണ്ടായത്. ഇതോടെ, കടകംപള്ളി സുരേന്ദ്രനോട് അഡ്വ. നഹാസ് പൊട്ടിത്തെറിച്ചു.
നന്നായി നടന്നുവന്ന സമ്മേളനത്തെ പൊളിച്ചു നശിപ്പിക്കുന്നത് കടകംപള്ളിയാണെന്ന് മുഖത്ത് നോക്കിത്തന്നെ നഹാസ് തുറന്നടിച്ചു. ഈ കളികൾക്കു പിന്നിലെ ചേതോവികാരം എന്താണെന്ന് തനിക്കറിയാമെന്നും നഹാസ് ക്ഷുഭിതനായെങ്കിലും കടകംപള്ളി മൗനം പാലിച്ചതേയുള്ളു. ഇതിനു ശേഷമാണ് അകത്തേക്ക് കയറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരും റെഡ് വളൻറിയർമാരും തമ്മിൽ പൊരിഞ്ഞ തല്ല് നടന്നത്.
ഏതായാലും മത്സരിക്കാനുറച്ചവർക്ക് അവസരം നിഷേധിച്ചത് കടകംപള്ളിയുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന ആക്ഷേപം വർക്കലയിലെ സി.പി.എം പ്രവർത്തകർക്കിടയിൽ പുകഞ്ഞു കത്തുന്നുണ്ട്.
നോമിനേഷനും പാനലുമായി ഏരിയ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാനാണെങ്കിൽ സമ്മേളനമെന്ന പ്രഹസനം വേണ്ടായിരുന്നെന്ന വിമർശനവും പ്രവർത്തകരിൽ ഉയരുന്നുണ്ട്. മത്സരം വിലക്കി സമ്മേളനത്തെ കലക്കിയത് കടകംപള്ളിയാണെന്നും ഒരുവിഭാഗം ആരോപിക്കുന്നു.
ഏതായാലും ശനിയാഴ്ചയിെല സമ്മേളനത്തിലെ പ്രശ്നങ്ങൾ വർക്കലയിലെ സി.പി.എമ്മിൽ വരുംദിനങ്ങളിൽ കാറും കോളും നിറയ്ക്കുമെന്ന് കരുതപ്പെടുന്നു. ഏരിയ കമ്മിറ്റിയിൽനിന്ന് തന്നെ മനഃപൂർവം ഒഴിവാക്കിയ സാഹചര്യത്തിൽ ഭാവി നിലപാട് ആലോചിച്ച ശേഷമെന്ന് നഹാസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നതുമായി ബന്ധപ്പെട്ട നിലപാട് ആലോചിച്ച് വിശദമായിത്തന്നെ അറിയിക്കാമെന്നും നഹാസ് പറഞ്ഞു.
സി.പി.എമ്മിെൻറ സമ്മേളനങ്ങൾ ആരംഭിച്ചതോടെ ഗ്രൂപ് തല്ലിനും കൂട്ടത്തല്ലിനുമാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.