വർക്കല: ഇലകമൺ പഞ്ചായത്തിലെ കായൽപ്പുറം റ്റോഡിന്റെ നവീകരണം അവതാളത്തിലായിട്ട് മാസങ്ങൾ. ടാർ ഇളകിമാറി റോഡ് മുഴുവൻ കുണ്ടും കുഴികളുമായി. മെറ്റലും ചിപ്സും പൊടിയും റോഡിൽ വാരിവിതറിയത് ചിതറിപ്പരന്നതുമൂലം മേഖലയാകെ ‘ആക്സിഡന്റ് പ്രോൺ ഏരിയ’ ആയി.
അയിരൂർ പട്ടന്റെതേരിയിൽ നിന്നാരംഭിച്ച് കായൽപ്പുറം വഴി ഹരിഹരപുരത്തേക്കുള്ള നീളുന്ന മൂന്ന് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിനാണ് ഈ ദുർഗതി. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് മറ്റൊരു യാത്രാ മാർഗവുമില്ല. മെറ്റലും ചിപ്സും ഇളിപ്പരന്ന റോഡിലൂടെ ഇരുചക്ര വാഹനങ്ങളിലൂള്ള യാത്ര അപകടം നിറഞ്ഞതായി. അപകടമൊഴിവാകണമെങ്കിൽ വണ്ടി ഓടിക്കുന്നയാൾ അഭ്യാസിയാകണമെന്ന അവസ്ഥയാണ്.
റോഡിന്റെ തകർച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നാളുകൾക്ക് ശേഷം നവീകരണ പദ്ധതി പ്രഖ്യാപിച്ചു. പട്ടന്റെ തേരിയിൽ പാറപ്പൊടിയും മെറ്റലും ചിപ്സുമൊക്കെ ലോഡുകണക്കിന് കൊണ്ടുവന്നു തള്ളി. ഇവയെല്ലാം മാസങ്ങളായി അതേപടി കിടക്കുകയാണ്. ഇവ റോഡിലാകെ ഇളകിപ്പരന്നും ചിതറിത്തെറിച്ചും കിടക്കുകയാണ്.
ഇരുചക്ര വാഹന യാത്രക്കാർ ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. സ്കൂട്ടറിൽ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി ആളുകളാണ് മൂന്നു മാസത്തിനിടെ വീണു പരുക്കേറ്റത്. ചാരുംകുഴി ജങ്ഷനിൽ നിന്ന് കായൽപ്പുറത്തേക്ക് നീളുന്ന പൊട്ടിപ്പൊളിഞ്ഞ റോഡിലാകട്ടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം ഒഴുകിപ്പരക്കുന്നു. ഇത് റോഡിലെ കുഴികളിൽ കെട്ടിനിന്നും അപകടമുണ്ടാക്കുന്നുണ്ട്.
ഇതേ അവസ്ഥ അയിരൂർ -നടയറ റോഡിലും അടുത്തിടെ സംഭവിച്ചു. ചാരുംകുഴിക്ക് സമീപത്തെ പൈപ്പ് പൊട്ടിയത് പരിഹരിക്കാൻ ഇനി ആരെ കാണണമെന്നാണ് നാട്ടുകാരുടെ ചോദ്യം. വിളപ്പുറം, കായൽപ്പുറം, കെടാകുളം വാർഡുകളിലൂടെ കടന്നു പോകുന്ന റോഡ് തേരിക്കൽ കോളനി പരിസരത്ത് എത്തുന്ന ഭാഗത്തും അപകടക്കെണിയുണ്ട്. റോഡിൽ വിതറിയിട്ട മെറ്റൽ അപകടസാധ്യത ഇരട്ടിയാക്കുമ്പോഴും പ്രശ്നപരിഹാരത്തിന് ഇടപെടാൻ ജനപ്രതിനിധികളോ രാഷ്ട്രീയക്കാരോ തുനിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.