വർക്കല: പട്ടികജാതിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചവശനാക്കിയ കേസിലെ പ്രതികൾ പിടിയിലായി. വെട്ടൂർ സ്വദേശികളായ റീജിസ്, കാവു, സുൽത്താൻ, ജഗ്ഫർ എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു സംഭവം.
മേൽവെട്ടൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വിനോദിനാണ് മർദനമേറ്റത്. വിനോദിന്റെ സുഹൃത്തായ റീജിസ് അടങ്ങുന്ന നാലംഗസംഘം വെട്ടൂർ ജങ്ഷനിൽ വിളിച്ചുവരുത്തി മാരുതി വാനിൽ കയറ്റുകയായിരുന്നു. തുടർന്ന് വാനിലും പ്രദേശത്തെ പലയിടങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചെന്നാണ് വിനോദ് പൊലീസിന് നൽകിയ മൊഴി.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് മർദിച്ചതെന്നും വാളും തോക്കും ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മൊഴിയുണ്ട്. അവശനാക്കിയശേഷം യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
വർക്കല ഡിവൈ.എസ്.പി പി. നിയാസാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ആറ് മാസം മുമ്പ് വർക്കലയിലെ ബാറിൽ നടന്ന അക്രമത്തിൽ വിനോദിനെ കാവു മർദിച്ചിരുന്നു. ബാറിലെ ജീവനക്കാർ പ്രശ്നത്തിൽ ഇടപെടുകയും ഒരാൾക്ക് കത്തിക്കുത്തിൽ പരിക്കേൽക്കുകയും ചെയ്തു.
ബാർ ജീവനക്കാരെക്കൊണ്ട് മർദിച്ചെന്നാരോപിച്ചാണ് ഇവർ സുഹൃത്തിനെ കൂട്ടുപിടിച്ച് വിനോദിനെ കടത്തിക്കൊണ്ടുപോയി മർദിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കൃത്യത്തിനുപയോഗിച്ച ഇരുമ്പ് ദണ്ഡും എയർ പിസ്റ്റളും വടിവാളും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.