വർക്കല: പൂട്ടിക്കിടക്കുന്ന വീട്ടിലെ മീറ്റർ ഓടാതിരിന്നിട്ടും 4178 രൂപയുടെ വൈദ്യുതി ബില്ല് വന്നതോടെ ഉപഭോക്താവ് കെ.എസ്.ഇ.ബിക്ക് പരാതി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ സീനിയർ സൂപ്രണ്ട് ഞെക്കാട് കൃഷ്ണാലയത്തിൽ വി.എസ്. പ്രിജിത്താണ് പരാതിയുമായി പാലച്ചിറ കെ.എസ്.ഇ.ബി അസി. എൻജിനീയറെ സമീപിച്ചത്.
പ്രവർത്തിക്കാത്ത ഇലക്ട്രിക് മീറ്ററിലെ റീഡിങ് പ്രകാരം 4178 രൂപ വൈദ്യുതി ബില്ല് വന്നിട്ടുണ്ടെന്നും അത് ഒഴിവാക്കി തരണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. അഞ്ച് മാസം മുമ്പ് വൈദ്യുതി ബില്ല് 5000 രൂപക്ക് മുകളിൽ വന്നിരുന്നെന്നും ഇത് സംബന്ധിച്ച് പരാതി നൽകിയപ്പോൾ മീറ്റർ ടെസ്റ്റിങ് വേണമെന്ന നിർദേശപ്രകാരം 1400 രൂപയോളം കെ.എസ്.ഇ.ബിക്ക് അടച്ചിരുന്നതായും പ്രിജിത് പറഞ്ഞു. വീണ്ടും രണ്ട് മാസം കഴിഞ്ഞു ബില്ല് അയ്യായിരത്തിലധികം രൂപയാണ് വന്നത്. കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നുള്ളത് കൊണ്ട് തുക അടച്ചു.
മീറ്റർ മാറ്റിവെക്കുന്നതിനും കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകി. ഈ മാസം പുതിയ ബില്ല് വന്നപ്പോൾ ഇപ്പോഴത്തെ മീറ്റർ റീഡിങും മുൻ റീഡിങും ഒന്നു തന്നെയാണ് കാണിക്കുന്നത്. 534 യൂനിറ്റ് ഉപയോഗിച്ചതായാണ് ബില്ല്. ഇത് പ്രകാരം 4178 രൂപ ബില്ല് ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു. രണ്ടുമാസമായി വീട്ടിൽ ആൾതാമസമില്ല. വിഷയത്തിൽ അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.