വർക്കല: വിദ്യാർഥിനികളെ സ്കൂട്ടറിൽ പിന്തുടർന്ന്, ഇടറോഡുകളിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കുന്ന യുവാവ് അറസ്റ്റിൽ. ഇടവ കാപ്പിൽ കണ്ണംമൂട് എൻ.എൻ കോട്ടേജിൽ ലിജുഖാൻ (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. സമാനമായ നിരവധി സംഭവങ്ങളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഇടവ മരക്കട മുക്കിന് സമീപത്തുവച്ചാണ് പെൺകുട്ടി ആക്രമണത്തിനിരയായത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും കണ്ടെടുത്ത യുവാവിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സോഷ്യൽ മീഡിയയിൽ പ്രതിയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ ഒളിവിൽ പോയ ഇയാളെ വർക്കല ഡി.വൈ.എസ്.പി പി. നിയാസിന്റെ നിർദ്ദേശാനുസരണം അയിരൂർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സ്കൂൾ വിദ്യാർഥിനികളെ സ്കൂട്ടറിൽ പിന്തുടർന്ന് ഇടറോഡുകളിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കുന്നത് ഇയാളുടെ പതിവാണത്രെ. അപമാന ഭയത്താൽ ആരും പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷവും ഇടവയിൽ നിരവധി പെൺകുട്ടികൾക്ക് നേരെ ഇയാളുടെ ആക്രമണങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇടവയിലെ ഒരു പ്ലസ് ടു വിദ്യാർത്ഥിനിയെയും ഇയാൾ സ്കൂട്ടറിൽ പിന്തുടർന്നെത്തി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇയാളുടെ സ്കൂട്ടർ ചവിട്ടിയിട്ട ശേഷം വിദ്യാർത്ഥിനി നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരേ സമാനമായ കേസുണ്ട്.
പോക്സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അയിരൂർ സബ് ഇൻസ്പെക്ടർ എസ്.എ. സജിത്ത്, എസ്.ഐ സുനിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, ജയ് മുരുകൻ, സിവിൽ പൊലീസ് ഓഫിസർ ശംഭു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.