വർക്കല: ജില്ല അതിർത്തിയും ടൂറിസം കേന്ദ്രവുമായ കാപ്പിൽ തീരത്ത് വീണ്ടും അപകടം. കടലിൽ കുളിക്കാനിറങ്ങിയ വ്യത്യസ്ത ഉല്ലാസ സംഘങ്ങളിൽപെട്ട മൂന്നുപേരാണ് അപകടത്തിലകപ്പെട്ടത്. ആദ്യം അപകടത്തിൽപ്പെട്ട കല്ലുവാതുക്കൽ സ്വദേശി ആദർശിനെ (17) രക്ഷപ്പെടുത്താനായി. രണ്ടാമത്തെ അപകടത്തിൽപെട്ട രണ്ടുപേരെയാണ് കാണാതായത്. കല്ലമ്പലം മാവിൻമൂട് സ്വദേശികളായ വിഷ്ണു(19), അച്ചു(16) എന്നിവരെയാണ് കടലിൽ കാണാതായത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് രണ്ട് അപകടങ്ങളും നടന്നത്. സാധാരണ ഞായറാഴ്ചകളിൽ പ്രദേശവാസികൾ ഉല്ലാസത്തിനായി കടൽ, കായൽത്തീരത്തെത്തും. അടുത്തിടെയായി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി വൻതോതിൽ സഞ്ചാരികൾ എത്തുന്നുണ്ട്. ഞായറാഴ്ച കല്ലുവാതുക്കലിൽ നിന്നും കല്ലമ്പലത്തുനിന്നും യുവാക്കളുടെ വ്യത്യസ്ത സംഘങ്ങളും എത്തിയിരുന്നു.
കല്ലുവാതുക്കൽ സംഘത്തിലുൾപ്പെട്ടവർ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങി. അതിലുൾപ്പെട്ട ഒരു യുവാവ് തിരച്ചുഴിയിൽപെട്ട് മുങ്ങിപ്പോയി. തീരത്തുണ്ടായിരുന്നവർ ബഹളംവെക്കുകയും പ്രിയദർശിനി ബോട്ട് ക്ലബിൽ വിവരം അറിയിക്കുകയും ചെയ്തു. ബോട്ട് ഡ്രൈവർ അനൂപ് വേഗത്തിൽ സ്പീഡ് ബോട്ടിലെ റിങ്ങുമായെത്തി. ഇയാൾക്കൊപ്പം മത്സ്യത്തൊഴിലാളിയായ സനോഫറും ചേർന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി. ഏറെ പണിപ്പെട്ടാണിവർ തിരച്ചുഴിയിലകപ്പെട്ട് മുങ്ങുകയും ഏറെദൂരം ഒഴുകിപ്പോകുകയും ചെയ്ത യുവാവിനെ രക്ഷിച്ച് തീരത്തെത്തിയത്.
അൽപസമയത്തിനകം രണ്ടാമത്തെ അപകടവും സംഭവിച്ചു. കല്ലമ്പലം മാവിൻമൂട് സംഘത്തിൽ നിന്നുള്ള വിഷ്ണുവും അച്ചുവുമാണ് ശക്തിയോടെ തീരത്തേക്ക് പാഞ്ഞുകയറിയ തിരയിലകപ്പെട്ടത്. നിമിഷനേരം കൊണ്ടാണ് ഇവർ തിരച്ചുഴിയിലകപ്പെട്ട് കാണാതായത്. നാട്ടുകാരും തീരത്തുണ്ടായിരുന്നവരും തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ അയിരൂർ െപാലീസും പരവൂർ ഫയർഫോഴ്സും ചേർന്നും തിരച്ചിൽ നടത്തിയെങ്കിലും നിഷ്ഫലമായി.
ഇരുട്ടും കടൽക്ഷോഭവും ഇടക്കിടെ തിമിർത്തുപെയ്യുന്ന മഴയുമുള്ള പ്രതികൂല കാലാവസ്ഥയുമായതിനാൽ തിരച്ചിൽ നിർത്തിെവച്ചു. തിങ്കളാഴ്ച രാവിലെ വീണ്ടും തിരച്ചിൽ തുടരും. കോസ്റ്റൽ െപാലീസും കോസ്റ്റ് ഗാർഡും തിരച്ചിലിനായി എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഞെക്കാട് ഗവ. വൊക്കേഷനൽ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അച്ചു. ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ വിദ്യാർഥിയാണ് വിഷ്ണു.
വർക്കല: ദൈവം തന്ന മനോഹരതീരമെങ്കിലും കാപ്പിൽ തീരം ദുരന്തമുഖമായിട്ട് നാളുകളേറെയായി. ആഭ്യന്തര സഞ്ചാരികൾ ധാരാളമെത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതാണ് നാൾക്കുനാൾ ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിങ് വിദ്യാർഥികളായ യുവാക്കൾ തിരച്ചുഴിയിലകപ്പെട്ടത്. ഒരാളുടെ മൃതശരീരം തൊട്ടടുത്ത ദിവസം തീരത്തടിഞ്ഞെങ്കിലും മറ്റേയാളുടെ മൃതദേഹത്തിനായി ഉറ്റവരിപ്പോഴും തോരാക്കണ്ണുകളുമായി കാത്തിരിക്കുന്നു.
കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങൾക്കിടയിൽ കാപ്പിൽ കടലിൽ കുളിക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ടത് ഒരു ഡസനിലധികം യുവാക്കളാണ്. പ്രകൃതി രമണീയതയും സുഖകരമായ കാറ്റും അസ്തമയസൗന്ദര്യവും ആസ്വദിച്ചിരിക്കുന്നവരിൽ കടലിലൊന്നിറങ്ങി മുങ്ങിക്കുളിക്കാമെന്ന ആഗ്രഹം മുളപൊട്ടുന്നത് സ്വാഭാവികമാണ്.
എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൂറ്റൻ തിരമാലകളും അതിനെ തുടർന്നുണ്ടാകുന്ന തിരച്ചുഴിയും ആർക്കും പ്രവചിക്കാനാവാത്തവിധമാണ്. ഇതിനെല്ലാം പുറമെയാണ് കായലിൽ കണ്ണിമവെട്ടുന്നതിെനക്കാൾ വേഗത്തിലുണ്ടാകുന്ന അടിയൊഴുക്ക്.
ഇതൊന്നുമറിയാതെ കടലിൽ കുളിച്ചുല്ലസിക്കുന്നവരാണ് നിമിഷനേരം കൊണ്ട് അപകടത്തിലകപ്പെടുന്നതും കാണാതാകുന്നതും. തിരയിലകപ്പെട്ടവർ ഇവിടെ രക്ഷപ്പെടുന്നത് അത്യപൂർവമാണ്. ആയുസ്സിെൻറ ബലം കൊണ്ടു മാത്രമാണ് ആദർശും തിങ്കളാഴ്ച മരണമുഖത്തുനിന്നും രക്ഷപ്പെട്ടത്.ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും വൻതോതിലാണ് ഇവിടെ ആഭ്യന്തര സഞ്ചാരികളും പ്രദേശവാസികളും ഉല്ലാസത്തിനെത്തുന്നത്. ഇവർക്ക് സുരക്ഷയൊരുക്കാൻ യാതൊരു സംവിധാനങ്ങളും ഇവിടെയില്ല. െപാലീസ്, ടൂറിസം െപാലീസ്, ലൈഫ് ഗാർഡുകൾ എന്നിവയൊക്കെ കാപ്പിൽതീരത്തിന് ഇന്നും അന്യമാണ്.
വല്ലപ്പോഴും എത്തിനോക്കി പോകുമെന്നതല്ലാതെ െപാലീസും ഇവിടെ കാര്യമായ ശ്രദ്ധ വെക്കാറില്ല. സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടിൽ മുങ്ങും ഈ കടൽ, കായൽതീരങ്ങൾ. ലൈഫ് ബോട്ടുകളോ കോസ്റ്റൽ െപാലീസ് എയ്ഡ് പോസ്റ്റോ ഒന്നും ഇവിടെയില്ല. അപകട സൂചനകൾ നൽകുന്ന ബോർഡുകൾ ഇനിയും ഈ തീരത്ത് എത്തിയിട്ടില്ല.
ഒരു വർഷം മുമ്പ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ട് മരിച്ചതിനെ തുടർന്ന് നാമമാത്രമായെങ്കിലും തീരത്ത് ലൈഫ് ഗാർഡുകളെ നിയോഗിച്ചിരുന്നു. എന്നാൽ ഏറെ താമസിയാതെ അധികൃതർ അവരെ പിൻവലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.