വർക്കല: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹത്തോട് നഗരസഭയുടെ അനാദരവ്. 13 മണിക്കൂറിലധികം മൃതദേഹവുമായി ബന്ധുക്കൾ നഗരസഭാ അധികൃതരെത്തുന്നതിനായി കാത്തുനിന്നു. ഒടുവിൽ രാത്രി ഏഴരയോടെ സംഭവം ചാനലുകളിൽ വാർത്തയാകുകയും വിവാദമാകുകയും ചെയ്ത ശേഷമാണ് നഗരസഭാ അധികൃതർ മൃതദേഹം ഏറ്റുവാങ്ങിയത്. കോവിഡ് ബാധിച്ച വർക്കല സ്വദേശിയായ വീട്ടമ്മ തിരുവനന്തപുരത്ത് മരുതൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ചികിത്സയിലിരിക്കെ, തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം സംസ്കാരം നടത്തേണ്ടത് എന്നതിനാൽ വർക്കല നഗരസഭാ അധികൃതരെത്തി മൃതദേഹം ഏറ്റുവാങ്ങി അനന്തര നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. മരണ വിവരം വീട്ടമ്മയുടെ ബന്ധുക്കൾ രാവിലെ തന്നെ നഗരസഭയിൽ അറിയിച്ചത്രെ. നഗരസഭാ ആരോഗ്യ വിഭാഗം എത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ധരിച്ച് ബന്ധുക്കൾ ആശുപത്രിയിൽ കാത്തുനിന്നു. പകലൊടുങ്ങിയിട്ടും പക്ഷേ, വർക്കല നഗരസഭ സംഭവം അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. ഇതിനിടയിലാണ് സംഭവം ചാനൽ വാർത്തയായത്.
ഇതോടെ വിഷയം വിവാദമാകുകയും നഗരസഭക്കെതിരെ ആക്ഷേപങ്ങൾ ഉയരുകയും ചെയ്തു. തുടർന്നാണ് അധികൃതർ നടപടി സ്വീകരിക്കാൻ രംഗത്തുവന്നത്. അതേസമയം ആംബുലൻസ് ഏർപ്പെടുത്തുന്നതിനെ ചൊല്ലിയുള്ള തിരുവനന്തപുരം നഗരസഭയും വർക്കല നഗരസഭയും തമ്മിലുള്ള തർക്കമാണ് നടപടികൾ വൈകിപ്പിച്ചതെന്ന് അറിയുന്നു. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ശേഷമാണ് വീട്ടമ്മയുടെ മരണവിവരം നഗരസഭയിൽ അറിയുന്നതെന്നാണ് നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.