വർക്കല: ബെല്ലും ബ്രേക്കുമില്ലാതെ വർക്കലയിൽ സ്വകാര്യ ബസുകൾ ചീറപ്പായുമ്പോൾ പേടിച്ചരണ്ട് വർക്കലക്കാർ. അമിതവേഗത്തിൽ പായുന്ന ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാതെ അധികൃതർ ഉറങ്ങുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥയാണ്. റോഡ് സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് തിരക്കേറിയ റോഡിലൂടെ ചീറിപ്പായുന്നത്. റോഡപകടങ്ങളിൽ നിരവധിപേർ മരണപ്പെട്ടിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
മിനിറ്റുകൾ മാത്രം വ്യത്യാസമുള്ള സമയക്രമങ്ങളാണ് സ്വകാര്യബസുകളുടെത്. ഇതാണ് മത്സരയോട്ടത്തിന് കളമൊരുക്കുന്നത്. സമയക്രമം പാലിച്ചില്ലെന്ന പേരിൽ ബസ് ജീവനക്കാർ തമ്മിൽ വഴക്കും വാക്കേറ്റവും പതിവാകുന്നത് പലപ്പോഴും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അറയ്ക്കുന്നവിധം അസഭ്യം വിളി കേൾക്കേണ്ടിവരുന്നത് സ്കൂൾ - കോളജ് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരാണ്.
രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരെ കുത്തിക്കയറ്റി അനാവശ്യ തിരക്കുണ്ടാക്കിയാണ് വർക്കല മേഖലയിലെ പല ബസുകളും സർവിസ് നടത്തുന്നത്. അതിവേഗ യാത്രയും അശ്രദ്ധയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മൂലണ്ടാകുന്ന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതൊന്നും ഇവരെ ബാധിക്കുന്നേയില്ല.
ഇക്കഴിഞ്ഞ 20ന് വൈകുന്നേരം വർക്കലയിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ മാതാവിനൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥി ദാരുണമായി മരണപ്പെട്ടതിന്റെ ഞെട്ടൽ നാട്ടുകാരിൽനിന്ന് ഇനിയും മാറിയിട്ടില്ല.
മതിയായ ഡ്രൈവിങ് പരിചയം പോലുമില്ലാത്ത നിരവധിപേർ ബസ് ഡ്രൈവർമാരായി മേഖലയിൽ ജോലി നോക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ വർക്കലയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത് ആറ് മനുഷ്യജീവനാണ്. ബസ് ഉടമകളുടെ ഉന്നതങ്ങളിലെ സ്വാധീനം കൊണ്ട് കേസിൽനിന്ന് ഊരിപ്പോകാമെന്ന ധാരണ ഒട്ടുമിക്ക ജീവനക്കാരിലുമുണ്ട്.
റോഡപകടങ്ങൾ വർധിക്കുമ്പോഴും വേഗം നിയന്ത്രിക്കാനുള്ള പരിശോധനകൾ ഫലപ്രദമായി നടക്കുന്നില്ല. വേഗപ്പൂട്ട് സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുന്നതുപോലും അപകടമരണങ്ങൾക്ക് ശേഷമാണ്. മോട്ടോർ വാഹനവകുപ്പും പൊലീസും ബോധവത്കരണ നടപടികളും വാഹനപരിശോധനകളും ശക്തമാക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.