വർക്കല: ശ്രീനാരായണഗുരു ശിവഗിരി മഠത്തില്‍ സ്ഥിരമായി വിശ്രമിച്ചിരുന്ന വൈദികമഠത്തിന്റെ നവീകരണം പൂര്‍ത്തിയായി. വ്യാഴാഴ്ച ഭക്തജനങ്ങൾക്ക് സന്ദർശനത്തിനായി അവസരമൊരുങ്ങും.
നൂറ്റാണ്ടിലേറെ പിന്നിട്ട വൈദികമഠത്തിന്റെ നവീകരണം രണ്ടു മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മഹാകവി രബീന്ദ്രനാഥ ടാഗോര്‍, ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസ്, സ്വാമി ശ്രദ്ധാനന്ദജി, ആചാര്യ വിനോബഭാവെ തുടങ്ങിയ മഹാത്മാക്കളൊക്കെ ഗുരുവിനെ സന്ദര്‍ശിച്ചത് വൈദികമഠത്തില്വെച്ചായിരുന്നു. മഹാത്മജി 1925 മാര്‍ച്ച് 12ന് ഒരു ദിവസം ഇവിടെ വിശ്രമിച്ചിട്ടുമുണ്ട്.
ഗുരു ഉപയോഗിച്ചിരുന്ന കട്ടില്, ചാരുകസേര, ഊന്നുവടികള്‍ തുടങ്ങിയവ ഇവിടെ ഭക്തജനങ്ങൾക്ക് കാണാനാകുംവിധം പ്രദർശിപ്പിച്ചിട്ടുണ്ട്. വൈദികമഠം നേര്‍ച്ചയായി പെയിന്റിങ് നടത്തി ഇപ്പോഴത്തെ നിലയില്‍ മനോഹരമാക്കിയത് ഗുരുഭക്തനായ കൊല്ലം, പെരിനാട്, കരുണാ നിവാസില്‍ നിതിനാണ്.
ബുധനാഴ്ച രാവിലെ 6.30ന് അദ്ദേഹവും കുടുംബവും ശിവഗിരി മഠത്തിലെ സന്യാസിമാരും വൈദികരും ബ്രഹ്മചാരികളും അന്തേവാസികളും ഗുരുഭക്തരും വൈദിക മഠത്തില്‍ ഒത്തുചേര്‍ന്ന് പ്രത്യേക പ്രാര്‍ഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.