വർക്കല: ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല സംസ്ഥാന അവാർഡ് നിറവിൽ. സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഇ.എം.എസ് പുരസ്കാരത്തിനാണ് വർക്കല താലൂക്കിലെ ഏക എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധുവാണ് അവാർഡ് പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലക്കുള്ള അരലക്ഷം രൂപയും വെങ്കല ശിൽപവും പ്രശംസാപത്രവുമടങ്ങുന്നതാണ് ഇ.എം.എസ് പുരസ്കാരം.
2024-25 വർഷത്തിൽ ഗ്രന്ഥശാലയുടെ ഒരു വർഷക്കാലം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം നടക്കുന്ന വേളയിലാണ് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ആരംഭിച്ച ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ ബാലവേദിയും വനിതവേദിയും യുവവേദിയും വയോജനവേദിയും ഒപ്പമുണ്ട്.
പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങളുടെ അമൂല്യ ശേഖരമാണ് ഗ്രന്ഥശാലക്കുള്ളത്. ഗ്രന്ഥശാലയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കൈയെഴുത്ത് മാസികയിലൂടെ പതിനഞ്ചോളം നവസാഹിത്യ പ്രതിഭകളെയും വാർത്തെടുത്തിട്ടുണ്ട്.കനക ജൂബിലി സ്മാരകമായി നിർമിച്ച മൂന്നുനില മന്ദിരത്തിൽ വായനമുറി, ലൈബ്രറി, മിനി സെമിനാർ ഹാൾ, കമ്പ്യൂട്ടർ ലാബ്, റഫറൻസ് റൂം, റിക്രിയേഷൻ ക്ലബ് ഹാൾ എന്നിവയും പ്രവർത്തിക്കുന്നു.
ഒരു പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തിലും കലാ, കായിക, സാഹിത്യ വളർച്ചയിലും ഈ ഗ്രന്ഥശാലക്ക് മാതൃക സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുണ്ട്.
2023ലെ ഒറ്റൂർ പഞ്ചായത്ത് തലത്തിലും വർക്കല ബ്ലോക്ക് തലത്തിലും നടത്തിയ കേരളോത്സവങ്ങളിൽ ഗ്രന്ഥശാല യുവവേദി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയിരുന്നു. 2000-2001 വർഷത്തിൽ കനക ജൂബിലിയും 2010-2011 വർഷത്തിൽ വജ്രജൂബിലിയും ആഘോഷിച്ചു.
രാമൻകുട്ടി ആശാനായിരുന്നു സ്ഥാപക പ്രസിഡന്റ്. ഇപ്പോൾ എം. രവീന്ദ്രനാണ് പ്രസിഡന്റ് പദവിയിൽ. 25 വർഷമായി വി. ശ്രീനാഥക്കുറുപ്പ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ആനിപവിത്രൻ, കാവ്യ ഉണ്ണി എന്നിവരാണ് ലൈബ്രേറിയന്മാർ.
ചിറയിൻകീഴ് താലൂക്കിലെയും വർക്കല താലൂക്കിലെയും മികച്ച ഗ്രന്ഥശാലക്കുള്ള ഗ്രന്ഥശാല പുരസ്കാരങ്ങൾ, മത മൈത്രി പുരസ്കാരം, മലയാള സാംസ്കാരിക വേദിയുടെ ഗ്രാമകീർത്തി പുരസ്കാരം, ഗ്രന്ഥശ്രേഷ്ഠ പുരസ്കാരം എന്നിവയും ഗ്രന്ഥശാലക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.