വർക്കല: സംസ്ഥാനപാതയായ വർക്കല-കല്ലമ്പലം റോഡിൽ വടശ്ശേരിക്കോണം പള്ളിമുക്കിനുസമീപം റോഡ് മുറിച്ച് കലുങ്ക് നിർമിക്കുന്നത് ഇഴയുന്നതിനാൽ വാഹനാപകടങ്ങൾ പതിവാകുന്നു. രണ്ടുമാസമായി തിരക്കേറിയ പ്രധാന റോഡ് കുറുകെ മുറിച്ചിട്ടിരിക്കുകയാണ്. സദാസമയവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്താണ് ഇത്തരത്തിൽ അപകടക്കെണി. റോഡിന്റെ പകുതി ഭാഗം പൂർണമായും ഇടിച്ചുതാഴ്ത്തി കുഴിയായി. ബാക്കി പകുതിഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മഴക്കാലം കൂടിയായപ്പോൾ പ്രദേശമാകെ ചളിക്കെട്ടായി. കുഴി എവിടെയാണെന്നറിയാനും കഴിയുന്നില്ല.
റോഡ് മുറിച്ച മണ്ണ് മഴയിൽ കുതിർന്നൊഴുകി കാൽനട പോലും പറ്റുന്നില്ല. തൊട്ടടുത്ത മദ്റസയിലേക്ക് വിദ്യാർഥികൾക്ക് നടന്നുവരാൻ പറ്റാത്ത അവസ്ഥയാണ്. റോഡ് മുറിച്ചതിനാൽ വാഹനങ്ങൾ ഞെങ്ങിഞെരുങ്ങിയാണ് കടന്നുപോകുന്നത്. പലപ്പോഴും ഇരുവശങ്ങളിലെയും വാഹനങ്ങളുടെ നീണ്ട നിര പള്ളിമുക്കിലെ കടകളിലേക്കും റോഡ് മുറിച്ചുകടന്ന് ആളുകൾക്കെത്താൻ തടസ്സമാകുന്നു. ഇതുമൂലം ഇവിടെ മാസങ്ങളായി കച്ചവടവുമില്ല. സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ഭീതിയുളവാക്കുന്നു.
ഇരുചക്രവാഹനയാത്രികർ ഇവിടെ അപകടത്തിൽപ്പെടുകയാണ്. അപകടത്തിൽപെട്ടവരിൽനിന്ന് സ്വർണാഭരണവും നഷ്ടപ്പെട്ടു. വാഹനങ്ങളെ ഒരു വശത്തുകൂടി മാത്രം കടത്തിവിടുന്നുമില്ല. പഴയ കലുങ്ക് മണ്ണ് മാറ്റി വൃത്തിയാക്കാതെ പുതിയ കലുങ്ക് നിർമിക്കുന്നതിലും നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. വർക്കല-കല്ലമ്പലം പ്രധാന റോഡിൽ പുതിയതായി നിർമിച്ച ഓടയിലെ വെള്ളം ഒഴുക്കിവിടാനാണ് പുതിയ കലുങ്കുകളെന്നാണ് പറയുന്നത്. എന്നാൽ ഒരിടത്തുപോലും വെള്ളം കെട്ടി കിടക്കാത്ത ഇവിടത്തെ നിർമാണം അനാവശ്യ െചലവുകൾക്ക് ഇടയാക്കിയെന്നും ആരോപണമുണ്ട്. പണികൾ അടിയന്തരമായി പൂർത്തിയാക്കി റോഡിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.