വര്‍ക്കല: പുത്തന്‍ചന്ത മാര്‍ക്കറ്റ് നവീകരിച്ച് ആധുനിയ രീതിയിൽ നിർമിക്കാനായി പൊളിച്ചിട്ടിട്ട് രണ്ടുവർഷം കഴിയുന്നു. പുതിയ മാർക്കറ്റ് നിർമാണത്തിനായി പില്ലറുകള്‍ സ്ഥാപിക്കാൻ കുഴികൾ എടുത്തതൊഴിച്ചാൽ മാർക്കറ്റ് നിർമാണം ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഹൈടെക് വികസനമെന്ന പേരില്‍ കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് രണ്ടുവര്‍ഷത്തിലേറെയായി എങ്ങുമെത്താതെ കിടക്കുന്നത്.
പില്ലറുകള്‍ക്കായി കുഴിയെടുത്തതല്ലാതെ മറ്റൊരു ജോലികളും തുടങ്ങാനായിട്ടില്ല. കുഴികള്‍ മാലിന്യം തള്ളാനുള്ള ഇടമായി മാറി. മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം കാടുകയറി വൃത്തിഹീനമായ സ്ഥിതിയിലാണ്. ഇവിടെ കച്ചവടം നടത്തിവന്ന മത്സ്യവില്പനക്കാര് ഉള്‍പ്പെടെയുള്ള നൂറോളം സാധാരണക്കാർ വഴിയാധാരമായി.
വര്‍ക്കല മേഖലയിലെ ഏറ്റവും പ്രധാന പൊതുചന്തയാണ് വെട്ടൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള പുത്തന്‍ചന്ത. വര്‍ക്കല- കല്ലമ്പലം റോഡും കടയ്ക്കാവൂര്‍ റോഡും കൂടിച്ചേരുന്ന ഭാഗത്താണ് നൂറ്റാണ്ടായി മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചുവന്നത്. പുത്തന്‍ചന്തയും പരിസരവും വികസിച്ചെങ്കിലും അസൗകര്യങ്ങള്‍ നിറഞ്ഞതും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് ചന്ത പ്രവര്‍ത്തിച്ചുവന്നത്.
അതിന് പരിഹാരമായാണ് ചന്ത നവീകരിക്കാന്‍ പദ്ധതി തയാറാക്കിയത്. നേരത്തേ ഉണ്ടായിരുന്ന തീരെ ചെറിയ കോൺക്രീറ്റ് കെട്ടിടം മഴയത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ മേൽക്കൂരയുടെ അഭാവം പ്രതിസന്ധികൾ സൃഷ്ടിച്ചതോടെ ഷീറ്റ് മേഞ്ഞെങ്കിലും മഴക്കാലത്ത് ഒരു തുള്ളി വെള്ളം പോലും പുറത്തുപോകാതെ മാർക്കറ്റിനകം ചളിക്കുളമായി.
ഈ സ്ഥിതിയിലും ദിനംപ്രതി നൂറുകണക്കിനാളുകളാണ് മാർക്കറ്റിനെ ആശ്രയിച്ചിരുന്നത്.
കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായാണ് 2020 നവംബറില്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ അവസാന സമയത്ത് നിര്‍മാണോദ്ഘാടനം നടന്നത്. തീരദേശവികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ 2.15 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലാണ് മാര്‍ക്കറ്റ് നവീകരിക്കാന്‍ പദ്ധതി തയാറാക്കി അനുമതി ലഭിച്ചത്.
നിലവിലുണ്ടായിരുന്ന മാർക്കറ്റ് പൊളിച്ചുനീക്കി. പുതിയ നിർമാണത്തിനായി പില്ലറുകൾ പൈലിങ് മാത്രം നടത്തി പിന്‍വാങ്ങി. ഇതോടെ നിര്‍മാണം മുടങ്ങി. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ വെട്ടൂർ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നേടി. രണ്ടു വർഷമായിട്ടും മാർക്കറ്റ് നിർമാണം ഇപ്പോഴും കുഴികളിൽതന്നെ.
മാര്‍ക്കറ്റിന്റെ നവീകരണം നീളുന്നതിനെതിരെ കച്ചവടക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധവും ശക്തമാകുകയാണ്. മാര്‍ക്കറ്റ് നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തന്‍ചന്ത യൂനിറ്റ് പ്രസിഡന്റ് എസ്. കമറുദ്ദീന്റെ നേതൃത്വത്തിൽ വി. ജോയി എം.എല്‍.എക്ക് അടുത്തിടെ നിവേദനവും നല്കി.
അതേസമയം മാർക്കറ്റ് നവീകരണ പദ്ധതിയെക്കുറിച്ച് പഞ്ചായത്തിന് യാതൊരു വേവലാതിയുമില്ല. ലക്ഷങ്ങൾ മുടക്കിയാണ് മാർക്കറ്റിലെ മത്സ്യത്തൊഴിലാളി ഫീസ് പിരിവ് ലേലം പിടിച്ചതും.
എന്നാൽ, മാർക്കറ്റ് പ്രവർത്തനം റോഡിലേക്കിറങ്ങിയതോടെ കരാറുകാരനും വൻതോതിലുള്ള വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. മാര്‍ക്കറ്റ് നവീകരണം നിലച്ചത് നിലവിലെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലമാണെന്ന് കോൺഗ്രസ് ഭരണസമിതി പ്രസിഡന്റായിരുന്ന അഡ്വ. അസീം ഹുസൈൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.