അപൂർവയിനം ആട്ടിൻകുട്ടി

മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിൽ, വാനര മുഖം: അപൂർവ കാഴ്ചയായി ആട്ടിൻകുട്ടി

വർക്കല (തിരുവനന്തപുരം): മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിലും പഗ്ഗ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയുടെയും വാനരന്‍റെയും മുഖസാദൃശ്യവുമുള്ള ആട്ടിൻകുട്ടി അത്​​ഭുത കാഴ്ചയാവുന്നു. വർക്കല നഗരസഭയിലെ മുണ്ടയിൽ കല്ലാഴി വീട്ടിൽ ആശാ വർക്കറായ ബേബി സുമത്തിന്‍റെ വീട്ടിലാണ് അപൂർവ ആട്ടിൻകുട്ടി പിറന്നത്.

ഞായറാഴ്ച രാത്രി 11ഓടെയാണ്​ പൂർണ ഗർഭിണിയായ ആട്‌ അപൂർവയിനം ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. തള്ളയാടിന്‍റെ മൂന്നാമത്തെ പ്രസവമാണ്​. ആദ്യപ്രസവത്തിൽ ആണാടും രണ്ടാമത്തെ പ്രസവത്തിൽ പെണ്ണാടുമാണ്​ പിറന്നത്​. ഇപ്പോൾ പിറന്നുവീണ പെണ്ണാടിന്​ നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകൾ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്‍റെ പാലമില്ല. ചെറിയൊരു സുഷിരം മാത്രമാണുള്ളത്. ശ്വസനം ഈ സുഷിരത്തിലൂടെയാണ്.

മേൽച്ചുണ്ട് അപൂർണ്ണവുമാണ്‌. ഉടലും ശരീര ഭാഗങ്ങളുമെല്ലാം ആടി​േന്‍റത് തന്നെ. നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. നാവും പല്ലുകളും മനുഷ്യ​േന്‍റതിന്​ സാദൃശ്യവുമുള്ളവയുമാണ്. തന്മൂലം തള്ളയാട് മുലയൂട്ടുവാൻ കൂട്ടാക്കുന്നില്ല.

ഇപ്പോൾ കുപ്പിയിൽ നിപ്പിൾ ഘടിപ്പിച്ചാണ് വീട്ടുകാർ ആട്ടിൻകുട്ടിക്ക് പാൽ നൽകിവരുന്നത്. മനുഷ്യ കുഞ്ഞിന്‍റെ കരച്ചിൽ പോലെയാണ്‌ ആട്ടികുട്ടിയുടെ ശബ്ദം. ജംനാപ്യാരി ഇനത്തിൽപ്പെട്ട ആണാടിന്‍റെ ബീജസങ്കലനത്തിലൂടെ തള്ളയാട്‌ ജന്മം നൽകിയ ഈ അപൂർവ ആട്ടിൻകുഞ്ഞിനെ കാണാൻ ദൂരെ സ്ഥലങ്ങളിൽനിന്ന് പോലും ആളുകൾ എത്തുന്നുണ്ട്.

അപൂർവങ്ങളിൽ അപൂർവമായാണ് ഇത്തരത്തിൽ ആട്ടിൻ കുട്ടികൾ പിറക്കുന്നതെന്നും വർക്കലയിൽ ഇത് ആദ്യത്തെ സംഭവമാണെന്നും വിദഗ്​ധ പരിചരണവും ചികിത്സയും നൽകി വരുന്നുണ്ടെന്നും വർക്കല വെറ്ററിനറി ഡോക്ടർ എസ്. ബൈജു പറഞ്ഞു. ചില അസ്വസ്‌ഥതകൾ ആട്ടിൻകുട്ടി കാണിക്കുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വെറ്ററിനറി വിഭാഗത്തിന്‍റെ വിലയിരുത്തൽ. 

Tags:    
News Summary - The cry of a human baby, the face of an ape: the lamb as a rare sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.