വർക്കല: കുടുംബത്തിലെ അഞ്ചുപേർ തീപിടിത്തത്തിൽ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് കുടുംബാംഗം ഒന്നരമാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
2022 മാർച്ച് എട്ടിന് പുലർച്ച ഒന്നേമുക്കാലോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. പുത്തൻചന്തയിൽ ആർ.പി.എൻ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് മൊത്ത വ്യാപാരിയായിരുന്ന പ്രതാപൻ, ഭാര്യ ഷേർളി, രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, ഇവരുടെ ആറുമാസം പ്രായമുണ്ടായിരുന്ന മകൻ റയാൻ, ഇളയമകൻ അഹിൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണപ്പെട്ടതെന്നായിരുന്നു അന്ന് അന്വേഷണസംഘം പറഞ്ഞത്. രണ്ടാമത്തെ മകൻ നിഹുലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മാസങ്ങളോളം ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം ദുരന്തം നടന്ന ചെറുന്നിയൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന വിലയിരുത്തലാണ് പൊലീസിനും ഫയർഫോഴ്സിനും ഉണ്ടായിരുന്നത്.
എന്നാൽ, ഇലക്ട്രിക് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ ഇത് പാടെ തള്ളുന്നതരത്തിലുള്ള റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. അതിനാൽ തൃപ്തികരമായ രീതിയിൽ മറ്റൊരു ഏജൻസി കേസ് അന്വേഷിക്കണമെന്നുള്ള ആവശ്യത്തെതുടർന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ തീ പടർന്ന് പിടിക്കുന്നതുൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നീങ്ങിയത്. ദൃക്സാക്ഷി മൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അപകടം നടന്ന വീട്ടിലെ സി.സി. ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ക്രൈംബ്രാഞ്ച് എസ്.പി സുനിൽകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് സി.ഐ സജു കുമാറിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച തെളിവെടുപ്പും പരിശോധനയും നടന്നത്. കേസ് ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ നാലാംതവണയാണ് സംഘം പരിശോധനക്കെത്തുന്നത്. പ്രതാപൻ-ഷേർളി ദമ്പതികളുടെ മൂത്ത മകൻ രാഹുലിന്റെ സാന്നിധ്യത്തിലാണ് സംഘം തെളിവെടുപ്പും പരിശോധനകളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.