വർക്കല: ചെമ്മരുതി പഞ്ചായത്തിലെ തച്ചോട്ടുള്ള മൃഗാശുപത്രിയുടെ പ്രവർത്തനം ഡോക്ടറില്ലാത്തതിനെ തുടർന്ന് അവതാളത്തിലായി. വെറ്ററിനറി ഡോക്ടർ ഇല്ലാതായിട്ടു ഒരുമാസം പിന്നിടുമ്പോഴും പഞ്ചായത്ത് നടപടികൾ സ്വീകരിക്കാത്തതിൽ പരക്കെ ആക്ഷേപം. നൂറു ശതമാനവും കാർഷിക ഗ്രാമമായ ചെമ്മരുതിയിലെ ക്ഷീര കർഷകർ ഇതോടെ കനത്ത പ്രതിസന്ധിയിലായി.
നൂറുകണക്കിന് ക്ഷീരകർഷകരും നിരവധി ക്ഷീര സഹകരണ സംഘങ്ങളും പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രദേശത്തെ ഏറ്റവും തിരക്കേറിയ മൃഗാശുപത്രിയിലാണ് ഡോക്ടറില്ലാതായത്. അസുഖം ബാധിച്ച പശുക്കൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ അതത് വീട്ടുപരിസരങ്ങളിൽ ഡോക്ടർ നേരിട്ടെത്തി പരിശോധിക്കുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതായത്.
പശുക്കൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി ആശുപത്രി തേടിയെത്തുന്നവർ ഡോക്ടറുടെ അഭാവത്തിൽ വലയുകയാണ്. ഇവർ ഏറെ അകലെയുള്ള ചെറുന്നിയൂരിലെയോ അല്ലെങ്കിൽ ഇലകമണിലെയോ മൃഗാശുപത്രികളിലെത്തിച്ചാണ് മൃഗങ്ങൾക്ക് ചികിത്സ തേടുന്നത്.
ഇതിനുള്ള യാത്രാക്ലേശവും ഒപ്പം പണച്ചെലവും താങ്ങാനാകാത്തതാണ്. നിലവിലെ ഡോക്ടർ അവധിയിലായതിനാൽ 40 ദിവസത്തിനകം പകരം ആളെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ പറയുന്നു. ചർമമുഴ പ്രതിരോധ പ്രവർത്തനം ഉൾപ്പെടെ നടക്കുകയാണെന്നും ഡോക്ടറുടെ അഭാവത്തിലും മൃഗാശുപത്രിയിൽ പ്രവർത്തനങ്ങൾ തുടരുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.