വർക്കല: തണലുണ്ട് പക്ഷേ, എപ്പോൾ വേണമെങ്കിലും നിലംപൊത്താം. വർക്കലയിലെ തണൽമരങ്ങൾ യാത്രക്കാരെ അപകട ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു. റോഡരികിലെ ഉണങ്ങി ദ്രവിച്ച തണൽമരങ്ങളാണ് അപകട ഭീഷണിയുയർത്തുന്നത്. റെയിൽവേ സ്റ്റേഷനു സമീപത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള തണൽമരങ്ങളിൽ പലതും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റുന്നതിനായി റെയിൽവേ നമ്പർ ഇട്ടിട്ടുള്ള മരങ്ങളിൽ പലതും ഒടിഞ്ഞും കടപുഴകി വീണും അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നുള്ള നാട്ടുകാരുടെ പരാതികൾ ഇതിനകം ഉയർന്നിട്ടുണ്ട്.
സ്റ്റേഷൻ പരിസരത്തു നിന്ന പടുകൂറ്റൻ ആൽമരത്തിന്റെ പടർന്നു പന്തലിച്ച ഒരു ശിഖരം കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണിരുന്നു. ഒടിഞ്ഞുവീണത് പുലർച്ചയായതിനാൽ വൻ അപകടം ഒഴിവായി. ശിഖരം വീണപ്പോൾ സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ബോർഡുകൾക്ക് മാത്രമാണ് കേടുപാട് സംഭവിച്ചത്.
സാധാരണ മരച്ചുവട്ടിലായി ട്രെയിൻ യാത്രക്കാരുടെ നിവധി കാറുകളും നൂറോളം ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാറുള്ളതാണ്. വരിയോര കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നവരും പിന്നെ യാത്രക്കിടയിൽ തണൽപറ്റി അൽപം വിശ്രമിക്കുന്നവരുമായി വലിയ ആൾക്കൂട്ടവും മരച്ചുവട്ടിലുണ്ടാകും. എന്നാൽ, മരം ഒടിഞ്ഞത് പുലർച്ചയായതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
ഈ മരം പൂർണമായും ഉണങ്ങിയതും ഏകദേശം 110 വർഷത്തിന് മുകളിൽ പഴക്കമുള്ളതുമാണ്. മരത്തിന്റെ മറ്റ് രണ്ട് കൂറ്റൻ ശിഖരങ്ങളും ഏത് സമയവും ഒടിഞ്ഞുവീണേക്കാവുന്ന നിലയിലാണ്.
സ്റ്റേഷനു മുന്നിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. 27 നാണ് ഇവിടെ ആറാട്ട് ഘോഷയാത്ര നടക്കുന്നത്. ആയിരക്കണക്കിനാളുകളാണ് വൃക്ഷങ്ങൾ നിൽക്കുന്ന ഗ്രൗണ്ടിൽ ഉത്സവം കാണാനെത്തുന്നത്.
ടൗണിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായ മുനിസിപ്പൽ പാർക്കിന്റെ ഇരു വശങ്ങളിലുമുള്ള തണൽമരങ്ങളും അപകടാവസ്ഥയിലാണ്. പാർക്കിനോട് ചേർന്ന് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന രണ്ട് തണൽമരങ്ങളിൽ ഒന്ന് പൂർണമായും ഉണങ്ങിയതാണ്. ഇത് ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലുമാണ്. റോഡിനോട് ചേർന്ന് നിൽക്കുന്ന തണൽമരവും കടപുഴകി വീഴുമെന്ന നിലയിലാണ്. മരത്തിന്റെ അടിഭാഗം ജീർണിച്ച് ദ്രവിച്ച് പൊള്ളയായി മാറിയിട്ട് മാസങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.