വർക്കല: ഇടവയിൽനിന്ന് വർക്കലയിലെത്താൻ നീന്തണം; റോഡ് മുഴുവനും വെള്ളം നിറഞ്ഞതിനാൽ യാത്ര ദുഷ്കരമായി. ഇടവ ജങ്ഷൻ മുതൽ മൈതാനം റൗണ്ട് എബൗട്ട് വരെ പലയിടത്തും വെള്ളമാണ്. റോഡിന്റെ പലഭാഗങ്ങളും പൊട്ടിത്തകർന്ന് കുണ്ടും കുഴിയുമാണ്. പലയിടങ്ങളിലും വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ചയിടങ്ങളുമുണ്ട്.
ഇടവ ജങ്ഷൻ, മൂന്നുമൂല, വെൺകുളം, മരക്കടമുക്ക്, ജനതാമുക്ക്, ജവഹർപാർക്ക്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ഇ.ബിക്ക് മുൻവശം, ടൗൺ ഹാളിന് മുൻവശം, വർക്കല പാർക്കിന് മുൻവശം, കാൾട്ടെക്സ് പമ്പിന് മുൻവശം, ഇടവയിലേക്കുള്ള ബസ് സ്റ്റോപ്പ്, മൈതാനം ടൗൺ, റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലാണ് ഗുരുതരമായ വെള്ളക്കെട്ടുകൾ.
മൂന്നുമൂല ജങ്ഷനിലെ ഹമ്പ് പരിസരം തകർന്ന് വലിയ കുഴികളായിട്ട് വർഷം രണ്ട് കഴിഞ്ഞു. ടെലിഫോൺ എക്സ്ചേഞ്ചിലേക്കുള്ള കേബിൾ തകരാർ പരിഹരിക്കുന്നതിനായാണ് അന്ന് റോഡിന്റെ മധ്യഭാഗം വെട്ടിപ്പൊളിച്ചത്. മാസങ്ങൾക്കുശേഷം ടാർ തൊട്ടുതേച്ചു. തൊട്ടടുത്ത മഴയിൽ അത് ഒലിച്ചുപോകുകയും ചെയ്തു.
മരക്കടമുക്കിലും ജനതാമുക്കിലും ശാസ്ത്രീയമായ പഠനം നടത്താതെ റോഡിന്റെ ഉയരം കൂട്ടിയതാണ് വിനയായത്. നൂറു മീറ്ററോളം ദൈർഘ്യത്തിലുള്ള വെള്ളക്കെട്ടുകളായി. ഇത് പരിഹരിക്കാനായി അടുത്തിടെ ഓടകളും പണിതു. ഇതും ശാസ്ത്രീയമായല്ല നിർമിച്ചത്.
പുന്നമൂട് ജങ്ഷന്റെ കിഴക്കുവശത്ത് ഈയടുത്താണ് വാട്ടർ അതോറിട്ടി വലിയ പൈപ്പ് സ്ഥാപിക്കാനായി റോഡ് പൊളിച്ചത്. ഇവിടെ വളവിൽതന്നെ റോഡിന്റെ പകുതിയിലധികം ഭാഗവും എക്സ്കവേറ്റർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിരുന്നു. കാലക്രമേണ കുഴികൾ ഭീമാകാരമായ ഗർത്തങ്ങളായി. ഇവിടെ ദൈനംദിനം അപകടങ്ങളും ഉണ്ടാകുന്നു.
ഇവിടം കടന്ന് ജവഹർപാർക്ക് പിന്നിടുംവരെ അതീവ ശ്രദ്ധയും സർക്കസുകാരന്റെ മെയ് വഴക്കവുമില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടാവുന്ന അവസ്ഥയാണ്.
റെയിൽവേ സ്റ്റേഷന് മുന്നിൽ ടാറിളകി പൊട്ടിപ്പൊളിഞ്ഞ റോഡാണ്. ചെറിയ തോതിൽ വെള്ളക്കെട്ടുകളുണ്ട്. ഇടറോഡ് സന്ധിക്കുന്ന ഭാഗത്തെ മെയിൻ റോഡിലും മീറ്റർ കണക്കിനാണ് വെള്ളക്കെട്ടുണ്ടാകുന്നത്. കെ.എസ്.ഇ.ബി, ടൗൺഹാൾ, വർക്കല പാർക്ക്, കാൾട്ടെക്സ് പമ്പ്, ഇടവ ബസ് സ്റ്റോപ്പ്, മൈതാനം ജങ്ഷൻ എന്നിവിടങ്ങളിലും കനത്ത റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനട യാത്രപോലും ദുഷ്കരമായി.
മൈതാനം ജങ്ഷനിൽതന്നെ റോഡ് വെട്ടിപ്പൊളിച്ചത് ശരിയാംവണ്ണം മൂടാത്തതുമൂലം അപകടസാധ്യത വർധിക്കുന്നു. മഴ പെയ്താൽ റോഡിന്റെ മിക്ക ഭാഗവും വെള്ളക്കെട്ടാകുന്നത് സ്ഥിരം കാഴ്ചയാണ്. മൈതാനത്തെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലും വെള്ളക്കെട്ട് ദുരിതമാകുന്നു. ബസിൽനിന്ന് ചളിവെള്ളത്തിലേക്കാണ് യാത്രക്കാർ ഇറങ്ങേണ്ടത്.
മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ പലഭാഗങ്ങളിലുമില്ല. ഉള്ളവതന്നെ അടഞ്ഞു. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തും അവസ്ഥ വേറൊന്നല്ല. റോഡിന്റെ സൈഡ് ചളിക്കെട്ടായി മാറുമ്പോൾ കാൽനട യാത്രക്കാർ റോഡ് ഭാഗത്തേക്ക് കയറി നടക്കേണ്ട അവസ്ഥയാണ്.
കണ്ണംബ ജങ്ഷൻ, ന്യൂമംഗള ഹോസ്പിറ്റൽ - കരയോഗം റോഡ്, ടൂറിസം മേഖലയിൽ പെരുങ്കുളം, തിരുവമ്പാടി ഭാഗങ്ങളിലെ ഇടറോഡുകൾ, വിളയ്ക്കുളം, തേരകുളം എന്നിവിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളും വെള്ളക്കെട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.