വർക്കല: പാപനാശത്ത് കുന്നിടിച്ചിൽ അപകടസാധ്യത കണക്കിലെടുത്ത് നടപ്പാതയിലെ സഞ്ചാരം താൽക്കാലികമായി നിരോധിച്ചു. തഹസിൽദാരുടെ വിശദമായ റിപ്പോർട്ടിൽ ജില്ല കലക്ടറാണ് താൽക്കാലികമായി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസങ്ങളിലെ മഴയെത്തുടർന്ന് പാപനാശം കുന്നുകളിലെ നടപ്പാതയോടുചേർന്നുള്ള ചിലയിടങ്ങൾ തകർന്നുവീണിരുന്നു. മഴവെള്ളം ഒഴുകിയിറങ്ങി ഭൂരിഭാഗം മേഖലകളും വിള്ളലുകൾ വീണ നിലയിലാണ്. ഈ പ്രദേശങ്ങൾ അതിദുർബലവും ഏതുനിമിഷവും അടർന്നുവീഴാൻ പാകത്തിലുമാണ്. പാപനാശം കുന്നിൻമുകളിലെ അപകടകരമായ സ്ഥിതിവിശേഷം കഴിഞ്ഞദിവസം 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ചൊവ്വാഴ്ചയും തഹസിൽദാരുടെയും നഗരസഭ ചെയർമാന്റെയും നേതൃത്വത്തിലുള്ള സംഘം പാപനാശം കുന്നുകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി അപകടസാധ്യതാ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചു.
പാപനാശം കുന്നുകളിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും വിള്ളലും കുഴികളും ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ മുനിസിപ്പൽ സെക്രട്ടറി, നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, നഗരസഭ കൗൺസിലർ എന്നിവരും സന്ദർശനം നടത്തി. തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്. ക്ലിഫ് മേഖലയിലെ അപകടസാധ്യത മുന്നിൽകണ്ട് കലക്ടറുടെ നിർദേശമനുസരിച്ച് താൽക്കാലികമായി നടപ്പാതയിലെ സഞ്ചാരം നിരോധിച്ചു. അപകടമേഖലകളിൽ വേലികളും ജാഗ്രതാബോർഡുകളും നഗരസഭനേതൃത്വത്തിൽ സ്ഥാപിച്ചു.
ഇവിടങ്ങളിലെ റിസോർട്ടുകളിലും കച്ചവടസ്ഥാപനങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനും ക്ലിഫിനോട് ചേർന്നുള്ള റിസോർട്ടുകളിലെ മുറികളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനും നഗരസഭ അറിയിപ്പ് നൽകി. ശക്തമായ മഴയും കാറ്റും കടൽക്ഷോഭവുമുള്ള കാലാവസ്ഥയിൽ വിനോദസഞ്ചാരികളും സ്ഥലവാസികളുമടക്കം എല്ലാവരും അതിശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്ന് നഗരസഭ നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.