വർക്കല: ഇടവയിൽ മലപ്പുറം കുന്നിടിഞ്ഞ് കടലിലേക്ക് പതിച്ചു. ശേഷിക്കുന്ന ഭാഗവും ഏതുനേരവും അടർന്നുവീഴാം. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുന്നിടിച്ചിൽ തുടർന്നേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും അധികൃതരും. ബുധനാഴ്ച ഉച്ചയോടെയാണ് വർക്കല ഫോർമേഷനിലെ ഫസ്റ്റ് ഫെയ്സായ ഇടവ പഞ്ചായത്തിലെ വെറ്റക്കടക്കും മാന്തറക്കും ഇടയിലുള്ള മലപ്പുറം കുന്നിന്റെ ഒരു ഭാഗം വലിയ തോതിൽ ഇടിഞ്ഞുവീണത്. ഉദ്ദേശം നാൽപത് അടിയിലധികം ഉയരമുള്ള മലപ്പുറം കുന്നിൽ പത്ത് മീറ്ററോളം വീതിയിലാണ് കുന്നിടിഞ്ഞത്. എല്ലാ മഴക്കാലത്തും മലപ്പുറം കുന്ന് ഇടിഞ്ഞുവീഴാറുണ്ട്. ഇവിടെ കുന്നിന്റെ അടി മുതൽ മുടി വരെ വലിയ വിള്ളലുകൾ വീണാണ് ഭീമാകാരങ്ങളായ കഷണങ്ങളായി മല ഇടിഞ്ഞുപതിക്കുന്നത്.
മല ഇടിഞ്ഞുവീണ ഭാഗം മത്സ്യബന്ധനമേഖല അല്ലാത്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു. മലപ്പുറം കുന്നിൻമുകളിൽ വീടുകളുമുണ്ട്. ഈ മേഖലയാകെ റിസോർട്ടുകൾ പിടിമുറുക്കിയ ശേഷമാണ് വൻതോതിൽ കുന്നിടിഞ്ഞു തുടങ്ങിയത്. ബഹുനില റിസോർട്ടുകളാണ് കുന്നിൻമുകളിൽ എല്ലാ സീസൺകാലത്തും പുതുതായി ഉയരുന്നത്. റിസോർട്ടുകൾക്കായി ഭൂമി തുരന്നുള്ള അടിസ്ഥാനനിർമാണം പതിവായി കുന്നുകളെ ക്ഷീണിപ്പിക്കുന്നു. ആലിയിറക്കം മുതൽ വെറ്റക്കട വരെയുള്ള കുന്നിൻമുകളിലൂടെയുള്ള നടപ്പാതയുടെ മലപ്പുറംഭാഗവും കുന്നിനൊപ്പം കടലിൽ പതിച്ചിട്ടുണ്ട്.
കുന്ന് തകർന്നുവീണ പ്രദേശം വില്ലേജ് ഓഫിസറും പഞ്ചായത്ത് പ്രസിഡന്റുമൊക്കെ സന്ദർശിച്ചെങ്കിലും മുൻകരുതൽ നടപടികൾ ചെയ്തിട്ടില്ല. പ്രദേശവാസികൾ കല്ലുകൾ നിരത്തിെവച്ചും മടലുകൾ കുത്തിനിർത്തിയും വഴി അടച്ച് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മഴക്കാലത്തുതന്നെ പാപനാശത്ത് ഉൾപ്പെടെ ആറോളം ഇടങ്ങളിലാണ് കുന്നിടിഞ്ഞത്. കഴിഞ്ഞദിവസങ്ങളിൽ ഹെലിപാഡിലെ കുന്നിടിച്ചിൽ നാട്ടുകാരിലും സഞ്ചാരികളിലും വലിയ ആശങ്കയുണ്ടാക്കി. ഇതോടെ കുന്നിൻമുകളിലെ അനധികൃത നിർമാണങ്ങളും എടുപ്പുകളും ബോർഡുകളുമൊക്കെ പൊളിച്ചുനീക്കാൻ നഗരസഭ ആരംഭിച്ചു. കുന്നിൻമുകളിലൂടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനഗതാഗതവും സഞ്ചാരികളുടെ യാത്രയും അധികൃതർ വിലക്കുകയും ചെയ്തു. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.