വര്‍ക്കല: വെള്ളം നിറഞ്ഞ ഗുഡ്ഷെഡ് റോഡിലെ യാത്രാദുരിതത്തിൽ സഹികെട്ട് പ്രദേശവാസികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. വർക്കല നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റെയില്‍വേ സ്റ്റേഷന്-ഗുഡ് ഷെഡ് റോഡിലെ യാത്രാദുരിതത്തില്‍ പൊറുതിമുട്ടിയ നൂറോളം നാട്ടുകാരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നുകിടക്കുകയാണ് ഗുഡ്ഷെഡ് റോഡ്. സ്റ്റാർ തിയറ്ററിന് സമീപത്തുനിന്ന് ആരംഭിച്ച് ടൗണിലെ അടച്ചുപൂട്ടിയ ലെവൽ ക്രോസുവരെ നീളുന്നതാണ് റോഡ്. റോഡിന്റെ ആദ്യഭാഗത്ത തകരാറില്ലെങ്കിലും ബാക്കി മുക്കാൽഭാഗവും കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണുള്ളത്. ഈ കുഴികളിലെല്ലാം മഴക്കാലത്ത് കനത്ത വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. മലിനജലം നിറഞ്ഞ ചളിക്കളങ്ങളായ ഈ റോഡിലൂടെ കാൽനടയാത്ര അസഹനീയമാണ്.
വാഹനയാത്രയും ദുരിതപൂർണമാണ്. കുഴികൾ ചാടിയും ചരിഞ്ഞും ചിലപ്പോഴൊക്കെ മറിഞ്ഞു തിരിഞ്ഞും മാത്രമേ വാഹനയാത്ര സാധ്യമാകുകയുള്ളൂ. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പൂർണമായും തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് റോഡിലിറങ്ങി പ്രതിഷേധിച്ചത്.
റോഡിന്റെ പലഭാഗങ്ങളിലും കുണ്ടും കുഴികളും നിറഞ്ഞ് കാല്‍നടയാത്രപോലും അസാധ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വീതികുറഞ്ഞ റോഡില്‍ മഴ പെയ്തതോടെ വെള്ളക്കെട്ടായി. ഇതെല്ലാം കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
പഴയ വി.ആര് കോളജിന് സമീപമാണ് ഏറ്റവുമധികം തകർന്നത്. അപകടകരമാംവിധം രൂപപ്പെട്ട വലിയ വെള്ളക്കെട്ടും ചളിയും നിറഞ്ഞ ഇവിടെ ഇരുചക്രവാഹനയാത്രക്കാര് പതിവായി അപകടത്തിൽപെടുന്നുണ്ട്. വിഷയം നിരവധിതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല.
നഗരസഭ കൗണ്‍സിലര്‍മാർ എസ്. പ്രദീപ്, സിന്ധു വിജയന്, എ.ആര്. അനീഷ്, എ. സലിം, ഡോ. സി.യു. ഇന്ദുലേഖ, ബിന്ദു തിലകന്, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പ്രതിഷേധ സമരത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.