വർക്കല: മദ്റസയിൽനിന്ന് മടങ്ങിയ പന്ത്രണ്ടുകാരനെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. നടയറ ചരുവിളവീട്ടിൽ നജീബ്-സജ്ന ദമ്പതികളുടെ മകൻ ആസിഫിനെയാണ് ആറോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ വളഞ്ഞ് ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ നടയറ ജങ്ഷനിലെ നൂറുൽ ഇസ്ലാം മദ്റസയിൽ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തയ്ക്കാവിന് പിന്നിലെ ഇടറോഡിൽ െവച്ചാണ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ശരീരമാസകലം നായ്ക്കളുടെ കടിയേറ്റു. ആഴത്തിലുള്ള മുറിവുകളോടെ കുട്ടി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംഭവസമയം അതുവഴി കടന്നുവന്ന ബൈക്ക് യാത്രികൻ നടയറ സ്വദേശി ഇർഷാദിന്റെ സമയോചിതമായ ഇടപെടലിലാണ് ആസിഫിന്റെ ജീവൻ തിരിച്ചുകിട്ടിയത്. നടയറയും പരിസരപ്രദേശങ്ങളും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ഇതിനകം നിരവധി പേർ നായ്ക്കളുടെ ആക്രമണം നേരിട്ടു. വിദ്യാലയങ്ങളിലും മദ്റസകളിലും പഠനത്തിനായി എത്തുന്ന കുട്ടികൾ തെരുവ് നായ് ആക്രമണഭീഷണിയിലാണ്.
തോടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും ഇടറോഡുകളുടെ വശങ്ങളിലും പുറന്തള്ളുന്ന അവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കൾ ഇവിടങ്ങളിൽ തമ്പടിക്കാൻ കാരണമാകുന്നത്. പരിസരത്തെ വിദ്യാലയങ്ങളും ആൾപ്പാർപ്പില്ലാത്ത കെട്ടിടങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയിട്ടുണ്ട്. തൊടുവേ-ശിവഗിരി റോഡിൽ നിക്ഷേപിക്കുന്ന മാലിന്യവും അറവുശാലകളിലും ഇറച്ചി വിൽപന തട്ടുകളിലും നിന്ന് വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളും തെരുവുനായ്ക്കളുടെ വർധനക്കിടയാക്കുന്നു. പകൽസമയങ്ങളിൽ മുതിർന്നവർക്കുപോലും ഇതുവഴി സഞ്ചരിക്കാനാവില്ല അവസ്ഥയാണ്. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കി കുട്ടികളുടെയും മുതിർന്നവരുടെയും ജീവൻ സംരക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര നടപടി കൈക്കൊള്ളാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനമെന്ന് നടയറ െറസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.എം. സിനിമോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.