വർക്കല: മരണമുഖത്തുനിന്ന് രക്ഷപ്പെട്ടതും ജീവിച്ചിരിക്കുന്നുവെന്നതും വിശ്വസിക്കാനാത്തവിധം നടുക്കം വിട്ടുമാറാതെ വർക്കല പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രശാന്ത്.
രക്ഷപ്പെട്ടത് എങ്ങനെയെന്ന് ഓർക്കാനാവുന്നില്ല. കായലിനടിയിലേക്ക് ആണ്ടുപോയ തന്നെ രണ്ടുമൂന്നുവട്ടം വള്ളക്കാരൻ വസന്തൻ മുകളിലേക്ക് പൊക്കിക്കൊണ്ടുവന്ന് ശ്വാസമെടുപ്പിച്ചു. അപ്പോഴേക്കും വെള്ളംകുടിച്ച് ക്ഷീണിച്ച് കുഴഞ്ഞുപോയി. പിന്നെയും വെള്ളത്തിനടിയിലേക്ക് ആണ്ടുപോയി. മരണം ഉറപ്പിച്ചതായിരുന്നു. വീണ്ടും വള്ളക്കാരൻ പൊക്കി മുകളിലെത്തിച്ചു. ബാക്കിയൊന്നും ഓർക്കാനാവുന്നില്ല -പ്രശാന്ത് പറയുന്നു.
മത്സ്യബന്ധന വലയും നാലുപേർ സഞ്ചരിക്കുന്ന എൻജിൻ ഘടിപ്പിച്ച ഫൈബർ ബോട്ടിലാണ് പണയിൽകടവിൽനിന്ന് പൊന്നുതുരുത്ത് ലക്ഷ്യമാക്കി പൊലീസ് സംഘം നീങ്ങിയത്. കായലിൽ നൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും വള്ളത്തിൽ വെള്ളം കയറാൻ തുടങ്ങി.
അപ്പോൾതന്നെ വസന്തൻ വള്ളം കരയിലേക്ക് തിരിച്ചു. എന്നാൽ, ദ്രുതഗതിയിൽ വെള്ളം കയറി വള്ളം മുങ്ങുകയായിരുന്നു. വള്ളത്തിെൻറ ഒരു ഭാഗത്ത് സി.ഐയും വള്ളക്കാരനുമായിരുന്നു. മറുഭാഗത്ത് സിവിൽ പൊലീസ് ഓഫിസർമാരും. അവർക്ക് നീന്തലറിയാമായിരുന്നതിനാൽ നിലവെള്ളം ചവിട്ടി നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു സഹപ്രവർത്തകനെ മരണം കവർന്നത് വേദനയുണ്ടാക്കുന്നതാണെന്നും പ്രശാന്ത് പറഞ്ഞു.
മരണത്തെ മുഖാമുഖം കണ്ടപ്പോഴും ബാലുവിനെ ഏറെനേരം ചേർത്തുപിടിച്ചിരുന്നു. പക്ഷേ... ഞാനും അവനും നന്നേ കുഴഞ്ഞുപോയി. ഒടുവിലവന് പങ്കായം ഇട്ടുകൊടുത്തു. അതിൽ പിടിച്ചുനിന്ന ബാലു പിന്നീട് മുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽനിന്ന് ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട വർക്കല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത് പറഞ്ഞു.
നീന്തലറിയാമായിരുന്നു. എന്നാൽ, യൂനിഫോമിൽ ചേറും ചെളിയും നിറഞ്ഞ സ്ഥലത്ത് നീന്തി രക്ഷപ്പെടാനായില്ല. ബാലുവിനെ വെള്ളത്തിന് മുകളിൽ പിടിച്ചുനിർത്തുമ്പോഴും താൻ ഒരു കൈകൊണ്ട് രക്ഷാപ്രവർത്തനത്തിനെത്തിയ വള്ളത്തിൽ അള്ളിപ്പിടിച്ചിരുന്നു. ബാലുവും സി.ഐയും വെള്ളത്തിനടിയിലേക്ക് പോകുമ്പോൾ താനും കുഴഞ്ഞ് മരണത്തെ മുഖാമുഖം കാണുകയായിരുന്നു. സഹപ്രവർത്തകെൻറ ദാരുണാന്ത്യവും ദുരന്തത്തെ മുന്നിൽകണ്ട നടുക്കവും വിട്ടുമാറിയിട്ടില്ല.
അകത്തുമുറി കായലിൽ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങിയപ്പോൾ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയത് മിന്നൽ വേഗത്തിൽ. പൊലീസ് സംഘത്തിലെ മൂവരെയും കരക്കെത്തിച്ചെങ്കിലും ബാലുവിനെ രക്ഷിക്കാനാവാത്തത് അവർക്കും നൊമ്പരമായി.
ഉച്ചക്കാണ് വള്ളം മുങ്ങിയത്. ഈ സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉച്ചഭക്ഷണത്തിന് പോയതായിരുന്നു. തീരത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് ഇവർ പാഞ്ഞെത്തിയത്. തുടർന്ന് വള്ളങ്ങളിൽ കായലിലേക്ക് കുതിച്ചു. വള്ളം മുങ്ങിയ സ്ഥലത്ത് ബാലുവിനായി തെരച്ചിൽ തുടങ്ങി.
ചേറും ചെളിയും നിറഞ്ഞ അടിത്തട്ടിൽ മുങ്ങിത്തപ്പി ബാലുവിനെ വള്ളത്തിൽ കയറ്റി. തീരത്തെത്തിയ വള്ളത്തിൽനിന്ന് അവശനായ ബാലുവിനെയും കൊണ്ട് ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു. ഞൊടിയിടയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ബാലു മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.