വര്‍ക്കല: വര്‍ക്കല റെയില്‍വേ സ്റ്റേഷന് വികസന പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബഹുനില കെട്ടിടം പൊളിച്ചുതുടങ്ങി. അമൃത് ഭാരത് പദ്ധതി പ്രകാരമാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. 133.5 കോടിയുടെ വികസനപദ്ധതിയുടെ ജോലികളാണ് പുരോഗമിക്കുന്നത്.
നിലവിൽ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നുനില കെട്ടിടം പൂർണമായും പൊളിക്കുന്ന പണികൾ നടന്നുവരുന്നു. അധികം പഴക്കമില്ലാത്ത കെട്ടിടമാണ് പുതിയ വികസനത്തിന്റെ ഭാഗമായി പൂര്‍ണമായി പൊളിച്ചുനീക്കുന്നത്. പുനര്‍വികസന ജോലികള്‍ 30 മാസങ്ങള്‍കൊണ്ട് പൂര്‍ത്തീകരിക്കാനാണ് റെയില്‍വേ കരാര്‍ നല്‍കിയിട്ടുള്ളത്.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും റെയില്‍ വികാസ് നിഗം ലിമിറ്റഡിനുമാണ് നിര്‍മാണ കരാര്‍. വിമാനത്താവളത്തിന് സമാനമായ ആറ് നിലയുള്ള ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് പുതുതായി നിർമിക്കാൻ പദ്ധതിയുള്ളത്. 98 മീറ്റര്‍ വീതിയും 16 മീറ്റര്‍ നീളവുമുള്ളതാണ് പുതിയ കെട്ടിടം.
ഇതിൽ ലിഫ്റ്റ്, എസ്കലേറ്റര്‍, എ.സി വെയ്റ്റിങ് ഹാള്‍, റിട്ടയറിങ് റൂം, ഡോര്‍മിറ്ററി, മീറ്റിങ് ഹാള്‍, ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, പേ ആന്‍ഡ് യൂസ് ടോയ്ലറ്റുകള്, റാമ്പ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ടാകും.
വാഹന പാര്‍ക്കിങ്ങിനും വിശാലമായ സൗകര്യം പദ്ധതിയിലുണ്ട്. പൂന്തോട്ടം ഉള്‍പ്പെടെയുള്ള സൗന്ദര്യവത്കരണവും ഉണ്ടാകും. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് ഓഫിസ് താല്‍ക്കാലികമായി പഴയ അപ്പര്‍ വെയിറ്റിങ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
പഴയ കെട്ടിടത്തിന്റെ വടക്കേ ഭാഗത്ത് രണ്ടാം നിലയില്‍ പണികൾ പുരോഗമിച്ചുവരുന്നു. സ്റ്റേഷന് മാസ്റ്ററുടെ ഓഫിസ് അവിടേക്ക് മാറ്റും. തുടര്‍ന്ന് നിലവിലുള്ള സ്റ്റേഷന് മാസ്റ്റര്‍ ഓഫിസ് കെട്ടിടവും ഒന്നാം പ്ലാറ്റ്ഫോമിലുള്ള കാന്റീനുകളും പൊളിച്ചുനീക്കും. സ്റ്റേഷന്റെ പഴയ കവാടം മുതല്‍ തെക്കേ അറ്റത്തുള്ള നടപ്പാലം വരെ നീളുന്നതാണ് പുതിയ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.