വർക്കല: എട്ട് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ശേഷം വർക്കല ടൗൺ ഹാൾ കേരളപ്പിറവി ദിനത്തിൽ തുറക്കും. നഗരസഭയുടെ ജവഹർലാൽ നെഹ്റു മെമ്മോറിയൽ ടൗൺ ഹാൾ ആണ് കോടികൾ ചെലവിട്ടുള്ള നവീകരണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നത്. ഇതോടെ വർക്കലയിലെ സാംസ്കാരിക മേഖലയിലെ തളർച്ചയും അവസാനിക്കും.
നഗരസഭയുടെ ഏറ്റവും വലിയ ആസ്തിയാണ് ടൗൺഹാൾ. വിശാലമായ ടൗൺഹാൾ കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതും മൂലമാണ് ജീർണാവസ്ഥയിലായത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും സ്റ്റേജുൾപ്പെടെ ഹാളിന്റെ പലഭാഗവും ചോർന്നൊലിക്കുന്ന നിലയിലുമായിരുന്നു.
വർക്കലയിലെ സാംസ്കാരിക, രാഷ്ട്രീയ പരിപാടികൾക്ക് പ്രധാനമായും ഉപയോഗിച്ചിരുന്ന ഹാളാണ് വർഷങ്ങളോളം നശിച്ചുകിടന്നത്. പുനർനിർമാണത്തിനായി ഹാൾ പൂട്ടിയതോടെ സാംസ്കാരിക,സാഹിത്യ സംഘടനകൾക്ക് പരിപാടികൾ സംഘടിപ്പിക്കാനാവാത്ത അവസ്ഥയുമായി. സ്വകാര്യ ആഡിറ്റോറിയങ്ങൾ മുപ്പതിനായിരം മുതൽ അമ്പതിനായിരം വരെ വാടക ഈടാക്കുന്നതിനാൽ പല സംഘടകളും ടൗൺഹാൾ തുറന്നിട്ട് മതി ഇനിയുള്ള പരിപാടികളെന്നും തീരുമാനിച്ചു.
എട്ട് വർഷം മുന്നേയാണ് നവീകരണത്തിനായി ഹാൾ അടച്ചുപൂട്ടിയത്. വർഷാവർഷം നഗരസഭ ബജറ്റിൽ കോടികളുടെ ഫണ്ടും വകയിരുത്തുമായിരുന്നു. നഗരസഭക്ക് മുതൽക്കൂട്ടാകേണ്ട ഹാളാണ് നവീകരണത്തിന്റെ പേരിൽ എട്ട് വർഷങ്ങളായി വെറുതെ കിടക്കുന്നത്.
1964ൽ ആണ് നഗരസഭയുടെ ടൗൺ ഹാൾ പദ്ധതി ആവിഷ്കരിച്ചത്. ആ വർഷം തന്നെ തറക്കല്ലിടുകയും പണികൾ തുടങ്ങുകയും ചെയ്തു. കല്യാണ ഓഡിറ്റോറിയം എന്ന നിലയിൽക്കൂടിയായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. അന്നത്തെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ടൗൺഹാൾ 1985ലാണ് പണികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. പ്രധാന ഹാളിൽ അഞ്ഞൂറോളം ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. സ്റ്റേജിലെ പരിപാടികൾ ഏവർക്കും തടസമില്ലാതെ കാണാവുന്ന രീതിയിലായിരുന്നു രൂപകല്പന.
വിവാഹം, സാംസ്കാരിക പരിപാടികൾ, രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മേളനങ്ങൾ എന്നിവക്കെല്ലാം ഹാൾ ഉപയോഗിച്ചിരുന്നു. എയർകണ്ടീഷനിങിന് ഫണ്ട് തികയാതെ വന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചാണ് 84 ൽ ഹാൾ തുറന്നുകൊടുത്തത്. ശബ്ദസംവിധാത്തിലെ പിഴവുകളും മുഴക്കവും സാംസ്കാരിക പരിപാടികൾ നടത്തുന്നതിന് തടസമായി.
പിന്നീട് വർക്കല രാധാകൃഷ്ണൻ എം.പി ആയപ്പോൾ പ്രത്യേക ഫണ്ട് ചെലവിട്ട് ചുവരിൽ കയർമാറ്റ് സ്ഥാപിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. ഹാളിലേക്കുള്ള കവാടം റോഡിനേക്കാൾ താഴ്ന്നതായതിനാൽ മഴ പെയ്താൽ വെള്ളം ഹാളിനകത്തേക്ക് കുത്തിയൊലിച്ചിറങ്ങുന്നതും വലിയ പോരായ്മയായി.എങ്കിലും താങ്ങാവുന്ന വാടക ആയതിനാൽ ഇത്തരം അസൗകര്യങ്ങളും ക്ലേശങ്ങളും ഗൗനിക്കാതെ സാംസ്കാരിക പരിപാടികൾ നിരന്തരം നടന്നുവന്നു.
ജീർണാവസ്ഥ അപകടകരമാംവിധം വഷളായപ്പോഴാണ് അനക്സ് ഹാൾ ഫിറ്റ്നസ് ഇല്ലാത്തത്തിനാൽ പൂട്ടിയത്.അധികം താമസിയാതെ ടൗൺഹാളിനും ഫിറ്റ്നസ് നഷ്ടപ്പെട്ടതിനാൽ പൂട്ടിയിട്ടു.തുടർന്നാണ് 2018ൽ ടൗൺ ഹാൾ പുതുക്കിപ്പണിയാനുള്ള നടപടികൾ ആരംഭിച്ചത്.
പണികൾ തുടങ്ങിയെങ്കിലും കരാറുകാർക്ക് പണം നൽകുന്നതിലുണ്ടായ കാലതാമസവും കോവിഡ് കാലവും ജോലികൾ ഇഴഞ്ഞുനീങ്ങാൻ കാരണമായി.ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ചാണ് ഇപ്പോൾ പുനർനിർമ്മാണം പൂർത്തീകരിച്ചത്.
എ.സി സംവിധാനം, വാൾ സീലിംഗ്, റൂഫ് സീലിംഗ്, സീറ്റുകൾ, ഫ്ലോറിംഗ് എന്നിവയുടെ ജോലികളെല്ലാം പൂർത്തിയായിട്ടുണ്ട്. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് ഹാളിന്റെ ബീമുകളും ബലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.74 കോടി രൂപ ചെലവഴിച്ച് ബഹുവർഷപദ്ധതിയായാണ് നവീകരണം. ഇപ്പോഴത്തെ ഭരണസമിതി ചില മാറ്റങ്ങളോടെ നവീകരണം തുടർന്നു.
നൂറോളം സാംസ്കാരിക സംഘടകൾ പ്രവർത്തിക്കുന്ന നാടാണ് വർക്കല. അവർക്കെല്ലാം ടൗൺ ഹാൾ വലിയ ആശ്വാസവുമായിരുന്നു. പുസ്തക പ്രകാശനം, സാഹിത്യ ചർച്ച പോലുള്ള ചെറിയ പരിപാടികൾക്ക് അനക്സ് ഹാളിന് നാമമാത്രമായ ഫീസാണ് ഈടാക്കി വന്നത്.
വലിയ പരിപാടികൾക്ക് ടൗൾഹാൾ ഉപയോഗിക്കുമ്പോഴും രജിസ്ട്രേഷനും വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവുമുള്ള സാഹിത്യ,സാംസ്കാരിക സംഘടനകൾക്ക് 2250 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. പുതിയ സാഹചര്യത്തിൽ നിരക്ക് വർധന അനിവാര്യമെങ്കിലും അത് ലാഭേച്ഛയോടെ ആകരുതെന്നും സാംസ്കാരിക സംഘടകൾക്ക് താങ്ങാവുന്ന തരത്തിലേ പരിഷ്കരിക്കാവൂ എന്നും മലയാള സാംസ്കാരിക വേദി ജനറൽ സെക്രട്ടറിയും മുൻ ചെയർമാനുമായ ബിജു ഗോപാലൻ നഗരസഭയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി രേഖാമൂലം നഗരസഭാ കൗൺസിലിന് നിവേദനം നൽകുമെന്ന് കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി സീലി സാബുവും പറഞ്ഞു.
ടൗൺഹാളിന്റെ നവീകരണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. കേരളപ്പിറവി ദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്.മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കും വിധമാണ് നവീകരണം സാധ്യമാക്കിയത്.
അനക്സ് ഹാൾ കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന മൃഗാശുപത്രിക്ക് പകരം സ്ഥലം നൽകിയിട്ടുണ്ട്.അത് മാറ്റി സ്ഥാപിച്ചാൽ അവിടെ അവശേഷിക്കുന്ന പണികൾ കൂടി വേഗം തീർക്കാനാവും.
സാംസ്കാരിക,സാഹിത്യ സംഘടകൾക്ക് കുറഞ്ഞ പ്രത്യേകം നിരക്ക് സാധ്യമാക്കാൻ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും നഗരസഭാ ചെയർമാൻ കെ.എം.ലാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.