വർക്കല: പ്ലാസ്റ്റിക് മാലിന്യം നൽകാതിരിക്കുകയും ഹരിത കർമസേന അംഗങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ ഇടവയിലെ സ്ഥാപന ഉടമക്ക് പതിനായിരം രൂപ പിഴ. ഇടവ ഗ്രാമപഞ്ചായത്തിലെ വെൺകുളം വി കെയർ ആൻഡ് ടൂ വീലർ വർക്ക് ഉടമ സുനിലിനാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ മോൾ പിഴ ചുമത്തിയത്.
അജൈവമാലിന്യം ശരിയായി പരിപാലിക്കാത്തതിനും ഹരിത കർമസേനക്ക് കൈമാറാതിരുന്നതിനുമാണ് 2021ലെ ഇടവ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ പരിപാലന ഉപനിയമാവലി പ്രകാരം പിഴ ചുമത്തിയത്.
ഹരിത കർമസേന അംഗങ്ങളുടെ പരാതിയുടെയും സെക്രട്ടറി നേരിട്ട് നടത്തിയ സ്ഥലപരിശോധന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയപ്പോൾ അവരോട് അപമര്യാദയായി പെരുമാറിയതായും മാലിന്യം നൽകാതിരുന്നതായും ഹരിത കർമസേനാംഗങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സുനിലിനെതിരെ കേസെടുക്കുകയും ചെയ്തു.
ഇതിനിടെ സ്ഥലപരിശോധനക്ക് എത്തിയ പഞ്ചായത്ത് സെക്രട്ടറിയോടും മറ്റു ഉദ്യോഗസ്ഥരോടും സുനിൽ അപമര്യാദയായി പെരുമാറിയതായും കയ്യേറ്റത്തിന് ശ്രമിച്ചതായും തങ്ങളുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതായും കാണിച്ച് സെക്രട്ടറി പൊലീസിനും ജില്ല കലക്ടർക്കും പരാതി നൽകി. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് സുനിൽ ടൂവീലർ വർക്ക് എന്ന സ്ഥാപനം നടത്തുന്നതെന്നും സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.