തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ജീവിതം ദൃശ്യഭാഷയിലേക്ക്. ‘കോടിയേരി ഒരുദേശം, ഒരു കാലം’ എന്ന പേരിൽ ജിത്തു കോളയാട് രചനയും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം വ്യാഴാഴ്ച തലസ്ഥാനത്ത് നടക്കും.
പഠനവും സമരപ്രക്ഷോഭങ്ങളും അടിയന്തരാവസ്ഥ കാലത്തെ ജയിലനുഭവങ്ങളും ജനപ്രതിനിധിയെന്ന നിലയിലെ മികവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന നിലയിൽ സഹപ്രവർത്തകരുടെ ഓർമകളുമടക്കം കോടിയേരിയുടെ ജീവിതം സമഗ്രമായി അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിക്ക് 90 മിനിറ്റാണ് ദൈർഘ്യം.
സീതാറാം യെച്ചൂരി, പിണറായി വിജയൻ, എ.കെ. ആന്റണി, പന്ന്യൻ രവീന്ദ്രൻ, പി.കെ. കൃഷ്ണദാസ്, ടി. പത്മനാഭൻ, മമ്മൂട്ടി, മോഹൻലാൽ മുതൽ ‘കോടിയേരി’ എന്ന പേരിന് ഇടയാക്കിയ മൂഴിക്കരയിലെ ബാലകൃഷ്ണനും അനുഭവങ്ങൾ വിവരിക്കുന്നു. ചൊക്ലി ഓണിയൻസ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കോടിയേരി എന്ന പേരിനിടയാക്കിയ സംഭവം. കാഞ്ഞങ്ങാട് നടന്ന കെ.എസ്.എഫ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തവെ രജിസ്ട്രേഷന് ആശയക്കുഴപ്പമായി.
ഒരേ പേരിൽ ‘രണ്ട് ബാലകൃഷ്ണൻമാർ’. അങ്ങനെ ആ രണ്ട് കുട്ടികളും ചേർന്നെടുത്ത തീരുമാനാണ് ഒരാൾ കോടിയേരി ബാലകൃഷ്ണനും മറ്റെയാൾ മൂഴിക്കര ബാലകൃഷ്ണനുമാകാമെന്നത്. ഒപ്പം ബാല്യകാല സുഹൃത്തുക്കളും ഡോക്യുമെന്ററിയിലെത്തുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ടാഗോർ തിയറ്ററിലാണ് ആദ്യ പ്രദർശനം. കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഡോക്യുമെന്ററിയുടെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.