വിഴിഞ്ഞം: എൻജിൻ തകരാറിലായി അപകടാവസ്ഥയിലായ ട്രോളർ ബോട്ടിനും മത്സ്യത്തൊഴിലാളികളായ പത്ത് തമിഴ്നാട്ടുകാർക്കും പൂവാർ തീരദേശ പൊലീസിന്റെ അവസരോചിതമായ ഇടപെടൽ രക്ഷയായി. തീരത്തേക്ക് ഇടിച്ച് കയറാൻ തുടങ്ങിയ ട്രോളർ ബോട്ടിനെയും അതിലെ തൊഴിലാളികളെയും വൻ അപകടത്തിൽനിന്ന് രക്ഷിക്കാൻ തീരദേശ പൊലീസും കോസ്റ്റൽ വാർഡന്മാരും ഏറെ പണിപ്പെട്ടു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പൂവാർ തീരത്തിന് കഷ്ടിച്ച് 250 മീറ്റർ മാത്രം ഉള്ളിലായി ബോട്ട് തിരയിൽപെട്ട് ആടിയുലയുന്നത് ശ്രദ്ധയിൽപെട്ടത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് മറ്റൊരു ബോട്ടിൽ ട്രാളർ ബോട്ടിനടുത്ത് എത്തി കാര്യങ്ങൾ തിരക്കിയ കോസ്റ്റൽ വാർഡൻമാർക്ക് അപകടാവസ്ഥ മനസ്സിലായി. ഉടൻ തന്നെ പൂവാർ ഫിഷ് ലാൻഡിങ് സെന്ററിൽ നിന്ന് ആറ് നങ്കൂരങ്ങൾ ശേഖരിച്ച തീരദേശ പൊലീസ് അതുമായി കടലിലേക്ക് തിരിച്ചു.
അവശരായ മത്സ്യത്തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയ ശേഷം െതാഴിലാളികളെ കരക്കെത്തിച്ചു. കന്യാകുമാരി മുട്ടം സ്വദേശി പനിദാസന്റെ ഉടമസ്ഥതയിലുള്ള ഷാനിയ എന്ന ട്രോളറാണ് അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. നാല് ദിവസം മുമ്പാണ് പത്തംഗ സംഘവുമായി മുട്ടം ഹാർബറിൽ നിന്ന് ബോട്ട് ഉൾക്കടലിലേക്ക് തിരിച്ചത്.
മൂന്നുദിവസം മുമ്പ് എൻജിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് ലക്ഷ്യമില്ലാതെ ഒഴുകി. ഇതിനിടയിൽ വയർലെസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും തകരാറിലായി. അതോടെ രക്ഷക്കായി അപേക്ഷിക്കാനുള്ള മാർഗങ്ങളും അടഞ്ഞു.
കാറ്റും കടൽക്ഷോഭവും കാരണം കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ രണ്ടുദിവസമായി വള്ളമിറക്കാത്തതിനാൽ അലഞ്ഞ് തിരിഞ്ഞ ഇവരുടെ അവസ്ഥ ആരും അറിഞ്ഞതുമില്ല.
നാഗർകോവിൽ: തൂത്തുക്കുടി കടലിൽ മണപ്പാടുനിന്ന് മുപ്പത് നോട്ടിക്കൽ മൈൽ ദൂരത്തിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ യന്ത്രവത്കൃത ബോട്ട് മുങ്ങി കുളച്ചൽ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കുളച്ചൽ സ്വദേശികളായ ആന്റോ (47), ആരോഗ്യം (30), കൊട്ടിൽപ്പാട് സ്വദേശി പയസ് (54) എന്നിവരെയാണ് കാണാതായത്.
ഒപ്പമുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ബോട്ട് മുങ്ങിയത്. അപകടത്തിൽപെട്ടവരുടെ വീടുകൾ മന്ത്രി മനോ തങ്കരാജ്, എം.എൽ എ ജെ.ജി. പ്രിൻസ് തുടങ്ങിയവർ സന്ദർശിച്ചു. വെള്ളിയാഴ്ച കുളച്ചൽ ഭാഗത്തുനിന്ന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽനിന്ന് വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.