വിഴിഞ്ഞം: തുറമുഖ നിർമാണത്തിന് കല്ലുമായി 20 ഓളം ലോറികൾ എത്തിയതോടെയാണ് വിഴിഞ്ഞത്ത് ഇന്നലെ സംഘർഷം ആരംഭിച്ചത്. രാവിലെ 10ഓടെ 20 ലോറികൾ മുല്ലൂരിൽ എത്തുകയായിരുന്നു. അതിരൂപതയുടെ സമരപ്പന്തലിന് മുന്നിൽ വെച്ച് സമരക്കാർ ലോറികൾ തടഞ്ഞു.
സമീപത്തുണ്ടായിരുന്ന തുറമുഖ അനുകൂല നിലപാടുള്ള ജനകീയസമിതി പ്രവർത്തകർ ഇതിനെതിരെ തിരിഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പിന്നീട് ഇരുചേരികളായി തിരിഞ്ഞുള്ള അക്രമമാണ് അരങ്ങേറിയത്.
ശക്തമായ കല്ലേറും വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിർമാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.
എതിർപ്പ് ശക്തമായതോടെ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാനാകാതെ മടങ്ങി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. വാഹനങ്ങളുടെ കാറ്റ് തുറന്നുവിട്ട പ്രതിഷേധക്കാർ തുറമുഖത്തിനുള്ളിലെ ഒരു ഓഫിസിന് നേരെയും ആക്രമണം നടത്തി. സി.സി ടി.വി കാമറ ഉൾപ്പെടെയുള്ളവക്ക് വലിയ നാശം വരുത്തിയതായും പരാതിയുണ്ട്.
കല്ലേറിൽ ജനകീയസമിതി പ്രവർത്തകരായ അഭിലാഷ്, രാജേഷ്, ബിനു, ആദർശ്, ഓമന എന്നിവർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്ക് പറ്റിയ ബിനുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ജനകീയസമിതി പ്രവർത്തകരുടെ ആക്രമണത്തിലും കല്ലേറിലും വൈദികർ ഉൾപ്പെടെ അഞ്ചുപേർക്കും പരിക്കുണ്ട്. വിഴിഞ്ഞം എസ്.ഐ സമ്പത്ത് ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു.
പല സ്ഥലങ്ങളിൽനിന്നും സമരക്കാർ ഇരച്ചെത്തി വീടുകൾ കയറി ജനകീയസമിതി പ്രവർത്തകരെ മർദിച്ചതായും ജനൽ ചില്ലുകൾ തകർത്തതായും നാട്ടുകാർ പറയുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഘർഷ സാധ്യതയുണ്ടെനന ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അതു തടയാൻ ആവശ്യത്തിന് പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഡെപ്യൂട്ടി കമീഷണർ അജിത്തിന്‍റെ നേതൃത്വത്തിൽ നാനൂറോളം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. സബ് കലക്ടർ ഡോ. ഐശ്വര്യ ശ്രീനിവാസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാത്രി വൈകിയും മുല്ലൂർമേഖല സംഘർഷഭരിതമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.