വിഴിഞ്ഞം: വിഴിഞ്ഞം ഉച്ചക്കട സ്വദേശി സജികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി. ഉച്ചക്കട ജങ്ഷനിൽ ചേനനട്ടവിള വീട്ടിൽ സുധീർ (41) ആണ് തിങ്കളാഴ്ച ഉച്ചയോടെ വിഴിഞ്ഞം സ്റ്റേഷനിൽ കീഴടങ്ങിയത്.
സംഭവശേഷം മറ്റ് രണ്ട് പ്രതികൾക്കൊപ്പം കോളിയൂരിലെ ഒളിസങ്കേതത്തിൽ കഴിഞ്ഞിരുന്ന സുധീർ പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയിരുന്നു.
കഴിഞ്ഞ മാസം എട്ടിന് ഒളിസങ്കേതം വളഞ്ഞ വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം പ്രതിയായ റെജി, നാലാം പ്രതിയായ സജീവ് എന്നിവരെ ഓടിച്ച് പിടികൂടിയിരുന്നു. അന്ന് ഓടിരക്ഷപ്പെട്ട സുധീർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് കീഴടങ്ങിയത്. മദ്യപാനത്തിന്റെ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കഴിഞ്ഞമാസം അഞ്ചിനാണ് ഉച്ചക്കട സ്വദേശി സജികുമാർ കുത്തേറ്റ് മരിച്ചത്.
ഒന്നാം പ്രതിയായ മാക്കാൻ ബിജുവിനെയും രണ്ടാം പ്രതി കോരാളൻ രാജേഷിനെയും സംഭവത്തിന്റെ പിറ്റേദിവസം തന്നെ പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. ഇതോടെ ഉച്ചക്കടയിൽ നടന്ന കൊലപാതക കേസിലെ എല്ലാ പ്രതികളും പിടിയിലായതായി വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.